ചെറുവത്തൂർ : പൊലീസിന്റെ കണ്ണുവെട്ടിച്ച് കണ്ണൂർ ജില്ലയിൽ നിന്നും നിരവധി ആളുകൾ അതീവരഹസ്യമായി അതിർത്തി കടന്നെത്തുന്നതായി റിപ്പോർട്ട്. ഇങ്ങിനെ എത്തിയ ഒരാളെ നടക്കാവ് കോളനിയിൽ ക്വാാറന്റീനിലാക്കി.
കൊവിഡ് വ്യാപനം കൂടിയതോടെ കണ്ണൂർ ജില്ല പൊലീസ് അടച്ചു പൂട്ടിയിരുന്നു. ട്രിപ്പിൾ ലോക്കിന്റെ ഭാഗമായി കാസർകോട് അതിർത്തികൾ സീൽ ചെയ്ത പൊലീസ് ഇങ്ങോട്ട് ആരെയും കടത്തിവിടുന്നില്ല. കണ്ണൂർ ജില്ലയിലേക്കും ആരെയും കടക്കാൻ പൊലീസ് വിടുന്നില്ല. ഒളവറ, തലിച്ചാലം, തട്ടാർ കടവ്, കുണിയൻ, കരിവെള്ളൂർ അതിർത്തികൾ ആണ് കണ്ണൂർ ജില്ലാ പോലീസ് വീണ്ടും അടച്ചുപൂട്ടിയത്. ഇതേതുടർന്നാണ് കണ്ണൂരിൽ നിന്ന് പലരും രഹസ്യമായി അതിർത്തി കടക്കുന്നത്. പുലർച്ചെ അതിർത്തി കടന്നു വരുന്ന മീൻ വണ്ടി, പച്ചക്കറി വാഹനം, കോഴി വണ്ടി എന്നിവയിൽ കയറി നിരവധിപേർ എത്തുന്നുണ്ട്. മുമ്പ് ഈ വാഹനങ്ങളിൽ ഒന്നും ക്ലീനർമാർ ഉണ്ടായിരുന്നില്ല. ഡ്രൈവർ നേരിട്ടാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. ഇപ്പോൾ അതിർത്തി കടന്നു വരുന്ന ഇത്തരം വണ്ടികളിൽ വേഷം മാറി നിരവധിപേർ വരുന്നുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെ പത്തോളം പേർ അതിർത്തി കടന്ന് വന്നതായി ആരോഗ്യ പ്രവർത്തകർ പൊലീസിൽ റിപ്പോർട്ട് ചെയ്തു. പഴയങ്ങാടി മുട്ടത്ത് നിന്നും രഹസ്യമായി നടക്കാവ് കോളനിയിൽ എത്തിയ 50 കാരനെ ആരോഗ്യ പ്രവർത്തകർ എത്തി 28 ദിവസത്തെ കർശനമായ നിരീക്ഷണത്തിൽ ആക്കി.
ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഇയാൾക്ക് നിർദ്ദേശം നൽകി. ഭക്ഷണം നൽകാൻ അടുത്ത ബന്ധുവിനെ ചുമതലപ്പെടുത്തി. ഒളവറ അതിർത്തിവരെ ബൈക്കിലെത്തി 10 കിലോമീറ്റർ നടന്നാണു ഇയാൾ നടക്കാവ് കോളനിയിൽ എത്തിയതെന്ന് കണ്ടെത്തിയിരുന്നു. സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ഈ വിവരം ആരോഗ്യവകുപ്പിന് കൈമാറിയത്. കൂടുതൽ പേർ കണ്ണൂരിൽ നിന്നും അതിർത്തി കടന്നെത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു ചന്തേര ഇൻസ്‌പെക്ടർ കെ. പി സുരേഷ് ബാബു, എസ്.ഐ മെൽവിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഭാഗങ്ങളിൽ വാഹന പരിശോധന കർശനമാക്കി. അത്യാവശ്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുകയും നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഒരു കാരണവുമില്ലാതെ തൃക്കരിപ്പൂർ ടൗണിൽ ആളുകൾ എത്തുന്നത് കർശനമായി തടയുകയാണ് പൊലീസ്.