കൂത്തുപറമ്പ്: മേഖലയിലെ റെഡ്‌സോൺ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഉന്നത പൊലീസ് സംഘം സന്ദർശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പൊലീസ് ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് നഗരസഭയിലെ മൂര്യാട് പള്ളി പരിസരം, പുഞ്ചക്കലായി അംഗൻവാടി പരിസരം എന്നിവിടങ്ങളിലാണ് ഉന്നത പൊലീസ് സംഘം സന്ദർശിച്ചത്.
അതോടൊപ്പം പാട്യം, കോട്ടയം, മൊകേരി പഞ്ചായത്തുകളിലെ വിവിധ ക്വാറന്റയിൻ കേന്ദ്രങളും ഉന്നത പൊലീസ് സംഘം സന്ദർശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റയിൻ സെന്ററിലുണ്ടെന്ന് ഉറപ്പ് വരുത്തുകയായിരുന്നു പൊലീസ് സംഘത്തിന്റെ ലക്ഷ്യം. അതോടൊപ്പം വീടുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങളും സംഘം ചോദിച്ചറിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ പ്രത്യേകം നിയോഗിക്കപ്പെട്ട ഐ.ജി.മാരായ വിജയ് സാഖറെ, അശോക് യാദവ്, ജില്ലാ പൊലീസ് ചീഫ് യതീഷ്ചന്ദ്ര, തലശ്ശേരി മേഖലാ പൊലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ,കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ്, എസ്.ഐ. പി.ബിജു എന്നിവരും ഉന്നതതല സംഘത്തോടൊപ്പമുണ്ടായിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പ് നിരീക്ഷണത്തിലുള്ളവർക്ക് ഇൻസ്റ്റാൾ ചെയ്തു നൽകി. റെഡ് സോൺ മേഖലയായി തുടരുന്ന കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം, കതിരൂർ, മൊകേരി പഞ്ചായത്തുകളിൽ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.