നീലേശ്വരം: തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ലോക്ക് ഡൗൺ ലംഘിച്ച് മീൻപിടിക്കാൻ വന്നവരെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബൈക്കിലും കാറിലുമൊക്കെയായി മീൻപിടിക്കാനെത്തിയത്.
അഞ്ചുപേരടങ്ങിയ സംഘത്തിന് ചെറിയ തോണികളിൽ മീൻ പിടിക്കാൻ പോകാമെന്നള്ള സർക്കാറിന്റെ അറിയിപ്പിന്റെ മറവിലാണ് കൂട്ടമായി മീൻ പിടിക്കാൻ വാഹനങ്ങളിലും മറ്റുമായി എത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവരുടെ മിക്ക ബോട്ടുകളും തോണികളും തൈക്കടപ്പുറത്താണ് കെട്ടിയിടുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ മീൻ പിടിക്കുന്നതിനായി ഇവിടെ എത്തുന്നത്. ബോട്ട് ജെട്ടി പരിസരത്തുള്ളവർ മീൻ പിടിക്കാൻ പോകാത്തിടത്താണ് പുറത്തു നിന്ന് വന്നവരെ നാട്ടുകാർ തടഞ്ഞത്.
കഴിഞ്ഞാഴ്ച ഇതുപോലെ കൂട്ടംകൂടി മീൻ പിടിക്കാൻ വന്ന കണ്ടാലറിയാവുന്ന 100 ഓളം പേർക്കെതിരേ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിൽ ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചതിനാൽ ആളുകൾ കൂട്ടംകുടി പോകുന്നത് കർശനമായി നിരോധിച്ചിരിക്കയാണ്. ഇത് ലംഘിച്ചാണ് ഇവർ മീൻപിടിക്കാൻ പോകുന്നത്. 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.