കണ്ണൂർ: തുടർച്ചയായ രണ്ടാം ദിനവും ജില്ലയ്ക്ക് ആശ്വാസ ദിനം. പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും കഴിഞ്ഞ രണ്ടുദിവസമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി ഇന്ന് ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ കൊവിഡ് ഭേദമായവരുടെ എണ്ണം 54 ആയി. ജില്ലയിലെ 111 കൊവിഡ് പോസിറ്റീവ് കേസുകളിൽ ബാക്കി 57 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
നിലവിൽ 2542 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 51 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ മൂന്ന് പേരും ജില്ലാ ആശുപത്രിയിൽ 21 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 32 പേരും വീടുകളിൽ 2435 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 2668 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2384 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 2221 എണ്ണം നെഗറ്റീവാണ്. 284 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതേസമയം തുടർച്ചയായി രണ്ടുദിവസം പോസിറ്റീവ് കേസുകളില്ലെങ്കിലും ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്. പുറത്തിറങ്ങുന്ന വാഹനങ്ങളെല്ലാം പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. ബാങ്കുകളുടെ ഉൾപ്പെടെ പ്രവർത്തനം ചുരുങ്ങിയ ജീവനക്കാരെ ഉൾപ്പെടുത്തിയാണ്. തിരക്ക് കുറവായത് കൊണ്ട് ഇക്കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നില്ല. എന്നാൽ ബാങ്ക് ജീവനക്കാരെയും അവശ്യസേവനത്തിന് പോകുന്ന സർക്കാർ ജീവനക്കാരെയും പൊലീസ് പരിശോധനയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.
ഹോം ഡെലിവറി പ്രയാസം സൃഷ്ടിക്കുന്നു
അവശ്യസാധനങ്ങളുടെ വിതരണം ജില്ല മുഴുവൻ ഹോം ഡെലിവറിയിലൂടെയാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നോമ്പുകാലം കൂടിയായതോടെ പ്രയാസം ഇരട്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പായിട്ടില്ല. 28 ഹോട്ട് സ്പോട്ടുകളിലും പൊലീസ് നിർദ്ദേശിക്കുന്ന മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. ബാക്കി സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ കടകൾ അടഞ്ഞുകിടക്കുമ്പോൾ മറ്റുചിലയിടങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്. കോർപ്പറേഷൻ പരിധിയിൽ പോലും കടകൾ തുറന്നു. ചിലനേരങ്ങളിൽ സുരക്ഷാ അകലംപോലും പാലിക്കപ്പെട്ടുമില്ല. വരും ദിവസങ്ങളിൽ ഹോം ഡെലിവറി ശക്തമാക്കുമെന്നാണ് പറയുന്നത്.