പരിയാരം: കൊവിഡ് കാലത്ത് വീടിന് പുറത്തിറങ്ങരുതെന്ന നിർദ്ദേശം കർക്കശമായപ്പോൾ വീട്ടുപരിസരം തന്നെ ലൊക്കേഷനാക്കി കുരുന്നുകൾ സിനിമയെടുത്തു. പരിയാരം ഇരിങ്ങലിലെ അനുചന്ദ് കലാഭവനും അമൽ സന്തോഷും ചേർന്ന് മൊബൈൽ ഫോണിൽ നിർമ്മിച്ച കൊച്ചുസിനിമ ഇപ്പോൾ മുതിർന്നവർക്കും അത്ഭുതമാകുകയാണ്.
മുത്തശ്ശി പറഞ്ഞു കൊടുത്ത വെള്ളച്ചാട്ടത്തിന്റെയും പുലിയുടെയും കഥ കേട്ട് ഉറങ്ങിയ പെൺകുട്ടി ആ വെള്ളച്ചാട്ടം കാണാൻ സ്വപ്നാടനം നടത്തുന്ന കഥയാണ് പേരിടാത്ത സിനിമയുടെ ഇതിവൃത്തം. അനുചന്ദിന്റെ കുഞ്ഞനിയത്തി നക്ഷത്ര സത്യനാണ് നായിക.ക്യാമറയും എഡിറ്റിംഗുമെല്ലാം ഇവർ തന്നെ. എല്ലാം പൂർത്തീകരിച്ചത് മൊബൈൽ ഫോണിലാണെന്ന് മാത്രമല്ല ഇക്കാര്യം വീട്ടുകാർ അറിയുന്നത് സിനിമ കാണിച്ചു കൊടുക്കുമ്പോൾ മാത്രമായിരുന്നു. പശ്ചാത്തല സംഗീതം പോലും ശ്രദ്ധയോടെ നിർവഹിക്കാൻ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു.ഇരട്ട സഹോദരങ്ങളായ സത്യന്റെയും സന്തോഷിന്റെയും മക്കളാണിവർ. കലാഭവനിൽ ഡാൻസർ കൂടിയായ അനു ചന്ദ് ടി.ദീപേഷിന്റെ പുതിയ ചിത്രമായ 'കറുപ്പി'ൽ അഭിനയിച്ചിട്ടുണ്ട്. അമൽ നേരത്തെ ഷോർട്ട് ഫിലിമിലും നക്ഷത്ര ഒരു ആൽബത്തിലും അഭിനയിച്ചിരുന്നു. സംവിധായകരും അഭിനേതാക്കളുമെല്ലാമായ അനുചന്ദും അമലും എട്ടാം തരം വിദ്യാർത്ഥികളാണ്.