കാസർകോട്: കൊവിഡ് നാശം വിതക്കുന്ന മഹാരാഷ്ട്രയിൽ നിന്നടക്കമുള്ള നാഷണൽ പെർമിറ്റ് ലോറികളിലെ ജീവനക്കാർ സംസ്ഥാനത്തെത്തി ആളുകളുമായി ഇടപഴകുന്നത് യാതൊരുവിധ പരിശോധനയും കൂടാതെ. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരികയായിരുന്ന രണ്ട് ലോറികളിലെ ജീവനക്കാരെ കർണാടകയിലെ പൊന്നാപുരത്ത് വച്ച് പരിശോധിച്ചപ്പോൾ നാലു ജീവനക്കാർക്ക് കൊവിഡ് ലക്ഷണം കണ്ടെത്തിയത് ഇവരിലൂടെ സമൂഹവ്യാപനസാദ്ധ്യതയാണ് തുറന്നുകാട്ടുന്നത്.

കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമായി ലോഡുമായി വരികയായിരുന്ന എം.എച്ച്. 46, എം .എച്ച് .11 രജിസ്ട്രേഷനുള്ള ലോറികളിലെ ജീവനക്കാരെ കർണാടക ആരോഗ്യവകുപ്പ് പൊലീസ് സഹായത്തോടെ പരിശോധിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് രണ്ട് ആംബുലൻസുകൾ വിളിച്ചുവരുത്തി നാലുപേരെയും അപ്പോൾ തന്നെ അവിടത്തെ ആശുപത്രിയിൽ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുകയും ഭക്ഷണം പാചകം ചെയ്ത് ഒരുമിച്ച് കഴിക്കുകയും ഒരുമിച്ച് തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ഇവരിൽ ഒരാൾക്ക് രോഗം ഉണ്ടായാൽ എല്ലാവർക്കും പകരും. ഇവർ സാധനം എത്തിക്കുന്ന സ്ഥലത്തും കൊവിഡ് പകരുന്ന സ്ഥിതിയുണ്ടാകും.

അതിർത്തിയിൽ രേഖാപരിശോധന മാത്രം

അതിർത്തി ചെക്ക് പോസ്റ്റുകളിൽ അയൽ സംസ്ഥാന വാഹനങ്ങളുടെ രേഖകളുടെ പരിശോധന മാത്രമാണ് നടന്നു വരുന്നത്. അവശ്യസാധനങ്ങളായതിനാൽ കൃത്യമായ പരിശോധനയൊന്നും കൂടാതെ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. കർണാടകയിൽ ഓരോ 10 കിലോമീറ്റർ ഇടവിട്ട് ഇവരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തുന്നുണ്ട്. എന്നാൽ തലപ്പാടി മുതൽ കേരളത്തിൽ എവിടെയും ആരോഗ്യ പരിശോധന നടത്തുന്നില്ലെന്നാണ് കേരളത്തിലെ ലോറി ഡ്രൈവർമാർ പറയുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽനിന്ന് കർണാടക ധർവാഡിലേക്ക് പോയ ഒരു ലോറിയുടെ ഡ്രൈവറെ കർണാടകയിൽ 20 സ്ഥലങ്ങളിലായി പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മുഴുവൻ കർശനമായ പരിശോധന നടത്തുകയാണ് കർണാടകത്തിൽ. എന്നാൽ കേരളത്തിൽ ആരോഗ്യ പരിശോധന ഇല്ലെന്നാണ് പരാതി. വാശി, സത്താറ, പൂന, താന തുടങ്ങി കൊവിഡ് വ്യാപനമേറിയ ജില്ലകളിൽ നിന്നുള്ള ലോറികളാണ് കൂടുതലായി സാധനങ്ങളുമായി കേരളത്തിൽ എത്തുന്നത്.