കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് മഴക്കാല പൂർവ പ്രവൃത്തികൾ തീർക്കാൻ കെ.എസ്.ഇ.ബി വിയർക്കുന്നു.50 ശതമാനം ജീവനക്കാരുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഏറ്റവും ശ്രമകരമായ ജോലികൾ നടന്നുവരുന്ന സമയമാണ് ഏപ്രിൽ,മേയ് മാസങ്ങൾ. ഇക്കാലയളവിലെ കൊവിഡ് 19 പ്രതിരോധമാണ് കെ.എസ്.ഇ.ബിക്ക് വെല്ലുവിളിയായത്.

കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ കർശനമാക്കിയിരിക്കുകയുമാണ്. സെക്ഷൻ ഓഫീസ് പ്രവർത്തനം ഒരു ഓവർസീയർ, രണ്ട് ലൈൻമാൻ, രണ്ട് ഇലക്ട്രിസിറ്റി വർക്കർ എന്നിവർ പകൽ ഷിഫ്റ്റിലും ഒരു ഓവർസീയർ, രണ്ട് ലൈൻമാൻമാർ എന്നിവരടങ്ങുന്ന രാത്രി ഷിഫ്റ്റിലുമാണ്. അറ്റകുറ്റപ്പണികൾ, പുതിയ കണക്ഷനുകൾ നല്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കാനായി ജനറൽ ഷിഫ്റ്റിൽ രണ്ട് ഓവർസീയർ, നാല് ലൈൻമാൻ, രണ്ട് ഇലക്ട്രിസിറ്റി വർക്കർ എന്നിവരടങ്ങുന്ന ടീമാണുള്ളത്.

മഴക്കാല അപകടങ്ങൾ ഒഴിവാക്കാനും അപകടാവസ്ഥയിലുള്ള ലൈനുകളും തൂണുകളും മാറ്റിസ്ഥാപിച്ച് വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനുമുള്ള ജോലികളാണ് ജൂണിന് മുമ്പായി ചെയ്തുതീർക്കാനുള്ളത്. ഇതിനായി ഷെഡ്യൂൾ തയ്യാറാക്കി ജനുവരിയിൽ തന്നെ പ്രവൃത്തികൾ തുടങ്ങിയിരുന്നു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകൾ തുടങ്ങുന്നതിന് മുമ്പെ പകുതിയോളം ചെയ്തു തീർത്തതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസത്തിന് ശേഷം മാർച്ച് കഴിഞ്ഞാണ് അടുത്ത പ്രവൃത്തി ഷെഡ്യൂൾ ചെയ്തത്.

പ്രവൃത്തി ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് കൊവിഡ് പ്രതിസന്ധിയുണ്ടായത്.

എന്നാൽ ലോക്ക് ഡൗൺ നീണ്ടതോടെ കെ.എസ്.ഇ.ബി ഉള്ള ജീവനക്കാരെ വച്ച് അതീവപ്രാധാന്യമുള്ള പ്രവൃത്തികൾ ചെയ്തുതീർക്കാൻ തീരുമാനിച്ചു. കരാർ തൊഴിലാളികൾക്ക് ജോലിക്ക് വരാൻ പ്രയാസമാണ്. ജീവനക്കാരെ പരമാവധി ഉപയോഗിച്ച് ഷെഡ്യൂളിലെ പ്രവൃത്തികളുടെ പ്രാധാന്യം നിശ്ചയിച്ചുള്ള ജോലികളാണ് നടന്നുവരുന്നത്. മേയ് മൂന്നിന് ശേഷം ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചാൽ കൂടുതൽ വേഗത്തിൽ മറ്റുപ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. എന്നാൽ മരച്ചില്ലകൾ വെട്ടിമാറ്റുന്നതുൾപ്പെടെയുള്ള ജോലികൾ ഇവർക്ക് ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ കരാറൊന്നും നല്കിയിട്ടില്ല. കാലവർഷം വേഗത്തിലെത്തിയാലും പ്രവൃത്തികളെ ബാധിക്കും. മഴക്കാല പൂർവ പ്രവൃത്തികൾ മുടങ്ങിയാലുണ്ടാകുന്ന പ്രയാസങ്ങൾ പരമാവധി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി.

മുൻഗണനാ ക്രമം നിശ്ചയിച്ചാണ് ഇപ്പോൾ പ്രവൃത്തികൾ നടന്നുവരുന്നത്. ലോക്ക്ഡൗൺ മാറുന്നതോടെ ഇതരപ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കും.

എക്സിക്യൂട്ടീവ് എൻജിനിയർ, കണ്ണൂർ സർക്കിൾ