കൂത്തുപറമ്പ്: അതീവ ജാഗ്രത നിലനിലക്കുന്ന കൂത്തുപറമ്പ് മേഖലയിൽ കൂടുതൽ റോഡുകൾ അടച്ചു. കോട്ടയം, വേങ്ങാട് പഞ്ചായത്തുകളിലെ പോക്കറ്റ് റോഡുകൾ ഉൾപ്പെടെയാണ് പൊലീസ് അടച്ചത്.ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും അനാവശ്യമായി വാഹനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത് എത്തിയിട്ടുള്ളത്.

തലശ്ശേരി സബ്ബ് ഡിവിഷണൽ പോലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കൂത്തുപറമ്പ് മേഖലയിലെ റോഡുകളടച്ചത്. കപ്പാറ പാതിരിയാട് അഞ്ചരക്കണ്ടി റോഡ് , കപ്പാറ ജംഗ്ഷൻ, വെള്ളപ്പന്തൽ, മൗവ്വേരി റോഡ്, വാളാങ്കിച്ചാൽ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡുകൾ അടച്ചത്. പൊലീസ് അനുമതിയോടെ സന്നദ്ധ പ്രവർത്തകരുടെ ബൈക്കുകൾ മാത്രമെ ഇതുവഴി കടത്തിവിടുകയുള്ളു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകളെ കപ്പാറയിൽ നിന്നും വേങ്ങാട് വഴി തിരിച്ച് വിടാനും തീരുമാനിച്ചിട്ടുണ്ട്.

നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ റോഡുകൾ അടക്കുന്നതെന്ന് തലശ്ശേരി ഡിവൈ.എസ്.പി.കെ.വി.വേണുഗോപാൽ പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ച കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം, കതിരൂർ, മൊകേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മിക്ക റോഡുകളും ഒരാഴ്ച്ചയോളമായി അടച്ചിട്ടിരിക്കയാണ്. ആംബുലൻസുകളെയും, സന്നദ്ധ പ്രവർത്തകരുടെ വാഹനങ്ങളെയും മാത്രമെ അടച്ചിട്ട റോഡുകളിൽ അനുവദിക്കുന്നുള്ളു. വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ് പറഞ്ഞു.