കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധയുണ്ടാവാൻ കൂടുതൽ സാദ്ധ്യതയുള്ള വിഭാഗമെന്ന നിലയിൽ വൃദ്ധടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ജില്ലാ ആയുർവേദ വകുപ്പ്. 60 വയസിനു മുകളിൽ പ്രായമുള്ളവരെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളും ചികിത്സയും അടങ്ങിയ 'സുഖായുഷ്യം" പദ്ധതിയാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തുകയിൽ നിന്ന് 10 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.

തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ആയുർവേദ ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവ കേന്ദ്രീകരിച്ച് ഇതിന് സംവിധാനമൊരുക്കും. കൊവിഡ് കാലത്ത് വയോജനങ്ങൾ വീടുകളിൽ നിന്നിറങ്ങരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫോൺ വഴിയുള്ള ചികിത്സാ രീതിക്കാണ് പ്രാമുഖ്യം നൽകുക. ഇതിനായി അംഗൻവാടി അദ്ധ്യാപികമാർ വഴി ഇവരുടെ ഫോൺ നമ്പർ ശേഖരിക്കും. തദ്ദേശ സ്ഥാപന തലത്തിൽ ആയുർവേദ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും റിസോഴ്‌സ് ഗ്രൂപ്പ് വഴിയാണ് ചികിത്സ.
തുടർ ചികിത്സാ രീതിയായി വികസിപ്പിക്കാനുതകും വിധത്തിലാണ് പദ്ധതി. അതിനായി ഓരോ വ്യക്തിയുടെയും മെഡിക്കൽ റെക്കാർഡ് സൂക്ഷിച്ചുവയ്ക്കുന്നതിന് സംവിധാനമൊരുക്കും. ഓരോ ആഴ്ചയിലും ഫോണിലൂടെ ഇവരുടെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യും. ആവശ്യമുള്ളവർക്ക് കൗൺസലിംഗ് ഉൾപ്പെടെയുള്ള ലഭ്യമാക്കും. ഇതോടൊപ്പം 60 വയസിന് താഴെയുള്ളവർക്ക് മരുന്നുകൾ കുറച്ച് ലഘു വ്യായാമം ഉൾപ്പെടെയുള്ളവ ശീലിപ്പിക്കുന്നതിനും ദിനചര്യ, നല്ല ഭക്ഷണം എന്നിവയിലൂടെ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്വാസ്ഥ്യം പദ്ധതിയും ജില്ലയിൽ നടപ്പിലാക്കും.
ആലോചനാ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കെ.പി ജയബാലൻ, ആയുർവേദ ഡി.എം.ഒ ഡോ. എസ്.ആർ ബിന്ദു, ഡി.പി.എം ഡോ. കെ.സി അജിത്ത് പങ്കെടുത്തു.