തളിപ്പറമ്പ്: പട്ടുവം പഞ്ചായത്ത് ഓഫീസിലെ ക്ളാർക്കാണ് കണ്ണൻ.ഉദ്യോഗസ്ഥൻ ചമഞ്ഞ് സഹായിക്കളോട് ആജ്ഞാപിക്കലല്ല,ക്യാമ്പുകളിലേക്കുള്ള ആവശ്യസാധനങ്ങൾ സ്വന്തം ചുമലിലെടുക്കാൻ ഒരു മടിയും ഇദ്ദേഹത്തിനില്ല.
ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കും, ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കും വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചിരിക്കുന്നത് മുറിയാതോടിലെ കമ്മ്യൂണിറ്റി ഹാളിലാണ് . അതിഥി തൊഴിലാളികൾ താമസിക്കുന്ന ആശാരി വളവ്, പറപ്പൂൽ, അരിയിൽ, ഇല്ലം പറമ്പ് ,കുഞ്ഞിമുറ്റം എന്നിവിടങ്ങളിലെ ക്യാമ്പുകളിലും മുറിയാത്തോട് കോൺവെന്റിന് സമീപത്തെ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലും ഭക്ഷ്യവസ്തുക്കൾ തീർന്ന വിവരം ലഭിച്ചാൽ ഉടൻ തന്നെ കമ്മ്യൂണിറ്റി ഹാളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ നിറച്ച ചാക്കുക്കെട്ടുകൾ ചുമലിലേറ്റി വാഹനത്തിൽ കയറ്റി ക്യാമ്പു കളിലും സമൂഹ അടുക്കളയിലും എത്തിച്ച് ഇറക്കിക്കൊടുക്കുന്നതിലും മുന്നിൽ തന്നെയുണ്ട് കണ്ണൻ.
2014 ഓക്ടോബറിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായി ചുമതലയേറ്റ കണ്ണന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കൂടിയുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ കണ്ണൻ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നുമാണ് സ്ഥലം മാറ്റം ലഭിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ജോലിക്കെത്തിയത്.
പടം':ചാക്കുകെട്ടുകൾ ചുമലിലേറ്റി പോകുന്ന ക്ലർക്ക് കണ്ണൻ