പഴയങ്ങാടി: ജില്ലയിലെ ഹോട്ട്സ്പോട്ട് പഞ്ചായത്തുകളായ മാടായി,മാട്ടൂൽ,ഏഴോം പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജന ജീവിതം ദുസ്സഹമായത് പരിഗണിച്ച് ടി .വി. രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മാടായി ഗ്രാമപഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു.

മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തുകൾക്കായി പഴയങ്ങാടിയിൽ മൂന്ന് വീതം ഹോൾസെയിൽ കടകൾ തുറന്ന് പ്രവർത്തിക്കും.കൂടാതെ എല്ലാ വാർഡുകളിലും ഓരോ പലചരക്ക് കടയും കോഴിക്കടയും തുറക്കാൻ തീരുമാനിച്ചു. കടകളിൽ പഴവർഗങ്ങളും പച്ചക്കറികളുടെയും ലഭ്യത ഉറപ്പ് വരുത്തണം. ഏഴോം, മാടായി പഞ്ചായത്തിന്റെ ഭാഗമായ പഴയങ്ങാടിയിലെ രണ്ട് വീതം ചിക്കൻ കടകളും തുറക്കും. ചിക്കൻ ഹോം ഡെലിവറിയായി മാത്രമെ എത്തിക്കും. പഴയങ്ങാടി, മൊട്ടാബ്രം എന്നിവിടങ്ങളിലെ രണ്ട് ഫ്രൂട്സ് കടകളും തുറക്കും .പഞ്ചായത്ത് തലത്തിൽ ഹോം ഡെലിവറി നടത്തുന്നതിനുള്ള ഫോൺ നമ്പർ പ്രസിദ്ധീകരിക്കും.

ഓർഡർ ചെയ്ത ആവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിനായി വാഹനങ്ങൾക്ക് പ്രത്യേക അനുമതി പൊലീസ് മുഖേന ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ കണ്ണൂർ തഹസിൽദാർ കെ.സജീവൻ , പയ്യന്നൂർ തഹസിൽദാർ ബാലഗോപാലൻ, പഴയങ്ങാടി സി. ഐ. രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ. സുഹ്റാബി(മാടായി), കെ.വി. മുഹമ്മദലി (മാട്ടൂൽ) , ഡി. വിമല (ഏഴോം) വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.