കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ഇന്നലെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. പെരിങ്ങത്തൂർ സ്വദേശിയായ 20കാരൻ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധിതനായത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ഏപ്രിൽ 23ന് ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 112 ആയി.
അതിനിടെ കൊവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ രോഗംഭേദമായി ആശുപത്രി വിട്ടു. നിസാമുദ്ദീനിൽ നിന്ന് തിരികെയെത്തിയ മാടായി സ്വദേശിയും അദ്ദേഹത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗബാധിതയായ സ്ത്രീയുമാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗംഭേദമായി ഡിസ്ചാർജ് ആയവരുടെ എണ്ണം 56 ആയി.
നിലവിൽ ജില്ലയിൽ 2711പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 62പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 22പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 6പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 30പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാകേന്ദ്രത്തിലും 2591പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയിൽ നിന്നും 2762 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2501 എണ്ണത്തിന്റെ ഫലം ലഭ്യമായി. 261 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുടെയും അവരുടെ പ്രൈമറി കോൺടാക്ടുകളുടെയും സ്രവപരിശോധന ഏറെക്കുറെ പൂർത്തിയായതായി ജില്ലാ കളക്ടർ പറഞ്ഞു. ഇനി ഏതാനും സാമ്പിളുകളിൽ മാത്രമേ ഫലം വരാനുള്ളൂ. അതോടൊപ്പം വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിൾ പരിശോധന ഇന്നലെ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ള 20പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവരെയാണ് രണ്ടാം ഘട്ടത്തിൽ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുപ്രകാരം കൊവിഡ് ആശുപത്രികളല്ലാത്ത ആരോഗ്യ സ്ഥാപനത്തിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാദ്ധ്യമപ്രവർത്തകർ, ഹോം ഡെലിവറി വളണ്ടിയർമാർ തുടങ്ങി ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിയ വിഭാഗങ്ങളിലാണ് റാന്റം ടെസ്റ്റ് നടത്തുക.