കണ്ണൂർ: നഗരത്തിൽ ഇന്നലെ വൈകിട്ടുണ്ടായ വൻ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു. വൈകിട്ട് 6.15നായിരുന്നു സംഭവം. എം.എ റോഡിലെ എ.എഫ്.സി ഫ്രൂട്ട്സ്, ചലനം ഫൂട്ട്‌വെയർ, കയർ ആൻഡ് കയർ മാറ്റ്സ് പ്ളാസ്റ്റിക് ഉത്പ്പന്നങ്ങൾ വിൽക്കുന്ന കട, ക്ളിയർവോയ്സ് മൊബൈൽ കട എന്നിവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ഫ്രൂട്ട്സ് കടയിലാണ് ആദ്യം തീകണ്ടത്. തുടർന്ന് മറ്റുകടകളിലേക്ക് പടരുകയായിരുന്നു.

ഓടിട്ട കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. മുറിയുടെ മുകൾഭാഗത്തുൾപ്പെടെ സാധനങ്ങൾ അടുക്കിവച്ചിരുന്നതായും ഇതിലേക്കും മേൽക്കൂരയിലും തീപ്പടർന്നുപിടിച്ചതായും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ.വി ലക്ഷ്മണൻ പറഞ്ഞു. കണ്ണൂർ യൂണിറ്റിലെ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. രണ്ടുമണിക്കൂറോളമെടുത്തു തീ പൂർണമായും അണയ്ക്കാൻ. റീജ്യണൽ ഓഫീസർ

പി. രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ എൻ. രാമകുമാർ എന്നിവരും നേതൃത്വം നല്കി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ മോഹനൻ, കൗൺസിലർ രഞ്ചിത്ത് എന്നിവരും സ്ഥലത്തെത്തി.