തൃക്കരിപ്പൂർ: 'ഞങ്ങളുടെ കുട്ടികൾക്ക് ഞങ്ങൾ മാസ്ക്കുകൾ നിർമിക്കും' എന്ന സന്ദേശമുയർത്തി ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പതിനായിരം മാസ്ക്കുകൾ തയ്യാറാക്കുന്നു. കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഉപജില്ലാ പരിധിയിലെ കുട്ടികൾക്ക് സ്കൂൾ തുറന്നാൽ ധരിക്കാൻ സമൂഹ പങ്കാളിത്തത്തോടെയാണ് മാസ്ക്കുകൾ നിർമിക്കുക.

ഉപജില്ലയിലെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പങ്കാളികളാകാം. 17 സെ.മീ. നീളം,14 സെ.മീ. വീതി വലിപ്പത്തിലുള്ള പുനരുപയോഗിക്കുവാൻ പറ്റുന്ന കോട്ടൺ തുണികൊണ്ടുള്ള 100 മാസ്ക്കുകൾ വീതം താൽപര്യമുള്ള ഓരോരുത്തരും നിർമിച്ച് ബി.ആർ.സി.യിൽ മേയ് 15നകം ഏൽപ്പിക്കാനാണ് നിർദ്ദേശം. ഇവ അണുവിമുക്തമാക്കി വിദ്യാലയങ്ങൾക്ക് കൈമാറും. ഏറ്റവും മികച്ച രീതിയിൽ ചാലഞ്ച് പൂർത്തിയാക്കുന്നവർക്ക് പ്രമുഖരുടെ കൈയൊപ്പോടെയുള്ള അനുമോദനപത്രവും ഉപഹാരവും പൊതുചടങ്ങിൽ സമ്മാനിക്കും. നേരത്തെ ലോക്ക്ഡൗണിന് തൊട്ടുമുമ്പായി ബി.ആർ.സിയിലെ അധ്യാപകരുടെ നേതൃത്വത്തിൽ രണ്ടായിരം മാസ്ക്കുകൾ നിർമിച്ച് ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും നൽകിയതിനെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു. വിശദവിവരങ്ങൾക്ക് 9446659039, 9400611610 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.