തളിപ്പറമ്പ്: പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റുകൾ കിട്ടാതെ കർഷകർ ദുരിതത്തിൽ. കടുത്ത വേനലിലും വേനൽമഴയിലും കാലവർഷത്തിലും ഒരുപോലെ ആവശ്യമായ പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റുകളാണ് ലോക്ക് ഡൗൺ ആയതോടെ തീരെ കിട്ടാതായത്.
ആയിരക്കണക്കിന് വീടുകളുടെ മഴക്കാലപൂർവ അറ്റകുറ്റപ്പണികളാണ് ഷീറ്റ് കിട്ടാതായതോടെ മുടങ്ങിയത്. നെല്ല് കൊയ്തെടുത്ത് അരിയാക്കി മാറ്റിയ കർഷകർക്കും പ്ലാസ്റ്റിക് ബാഗുകൾ ലഭിക്കാതായതോടെ നെല്ല് സൂക്ഷിക്കാൻ സാധിക്കാതായി. വൈക്കോൽ നശിക്കാതെ സൂക്ഷിക്കുന്നതിനും ഷീറ്റുകൾ ആവശ്യമാണ്. ക്ഷീരകർഷകർ മഴയ്‌ക്ക് മുമ്പ് ശേഖരിക്കുന്ന തീറ്റപ്പുല്ലുകളും നശിച്ചുപോകാതെ സംരക്ഷിക്കുന്നത് ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ചാണ്.
ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഈ സീസണിലെ ആവശ്യത്തിനായി കേരളത്തിലെ വിവിധ ടാർപോളിൻ നിർമ്മാണ യൂണിറ്റുകൾ ടൺ കണക്കിന് ഷീറ്റുകൾ ഉത്പാദിപ്പിച്ച് ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. പക്ഷെ, ഒരു സ്ഥലത്തേക്കും ഇവ എത്തിക്കാൻ സാധിച്ചിട്ടില്ല. വേനൽമഴ തുടങ്ങിയതോടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും ചോർച്ച തടയാൻ മാർഗമില്ലാത്ത സ്ഥിതിയാണ്. പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റുകൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർഷകരുടെ ആവശ്യം
ടാർപോളിൻ കമ്പനിയിൽ കെട്ടിക്കിടക്കുന്ന ഷീറ്റുകൾ.