nanrayanan

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഫാമിലെ സ്ഥിരം തൊഴിലാളിയും താത്കാലിക സെക്യൂരിറ്റി ചുമതലക്കാരനുമായ ആറളം പന്നിമൂല ബന്ദപ്പാലൻ ഹൗസിൽ കെ. നാരായണൻ എന്ന ബന്ദപ്പാലനാണ് (59) കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഒൻപതോടെ ഫാം നാലാം ബ്ലോക്കിൽ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നു കക്കുവ പുഴ കടന്ന് നാലാം ബ്ലോക്കിന്റെ ഓഫീസിൽ ഒപ്പിടാനെത്തുന്നതിനിടെ ഇയാളെ കാട്ടാന ആക്രമിച്ചതാകാമെന്ന് കരുതുന്നു. സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വഴിയരികിൽ ഇയാളുടെ തോർത്തും,​ 10 മീറ്റർ മാറി മൊബൈൽ ഫോണും കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ മൃതദേഹവും കണ്ടെത്തി. ശരീരത്തിൽ ആനയുടെ ചവിട്ടേറ്റ പാടുണ്ട്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമേ മൃതദേഹം എടുത്തു മാറ്റാൻ അനുവദിക്കൂ എന്ന് തൊഴിലാളികൾ നിലപാടെടുത്തത് സംഘർഷം സൃഷ്ടിച്ചു.

ഉച്ചയ്‌ക്ക് 12ഓടെ സണ്ണി ജോസഫ് എം.എൽ.എ, ഡെപ്യൂട്ടി തഹസിൽദാർ എ.വി.പത്മാവതി, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പിൽ എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തി. ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ വനപാലക സംഘവും സ്ഥലത്തെത്തി. നാരായണന്റെ കുടുംബത്തിന് അടിയന്തരസഹായം നൽകാമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് മൃതദേഹം വിട്ടുകൊടുത്തത്. ഭാര്യ : തങ്കമണി. മക്കൾ: ജിഷ്ണു,​ അർച്ചന. മരുമകൻ: ദീപു

അഞ്ചുവർഷത്തിനിടെ ഏഴാമത്തെ ആളാണ് ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഈ വർഷം ഡിസംബറിൽ വിരമിക്കാനിരുന്ന നാരായണൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഫാമിലെ ആദ്യ തൊഴിലാളിയാണ്.