കാസർകോട്: കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നതായി ആരോപണം. ജില്ലയിൽ കൊവിഡ് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയ ചിലരെ തുടർ ചികിത്സ വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ ബന്ധപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. ബംഗളൂരുവിലെ കൊവിഡ് സെല്ലിൽ നിന്നെന്നു പറഞ്ഞാണ് ചില വിളികൾ എത്തിയത്. രോഗം ഭേദമായവർക്ക് പ്രതിരോധ ശേഷിയുടെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ, മരുന്ന് കഴിച്ചതിന്റെ ഇൻസ്‌പെക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് തിരക്കിയത്. ആശുപത്രിയിൽ എത്തി പരിശോധന നടത്തിയശേഷം മാത്രമേ വീട്ടിലേക്ക് പോകാൻ പാടുള്ളൂവെന്നും രോഗം ഭേദമായവരോട് സ്വകാര്യ ആശുപത്രിക്കാർ നിർദ്ദേശിച്ചതായും കൊവിഡ് ഭേദമായി കാസർകോട് ജനറൽ ആശുപത്രി വിട്ടവർ പറഞ്ഞു.
ജില്ലയിലെ കൊവിഡ് ബാധിതരുടെ കൃത്യമായ ഫോൺ നമ്പരുകൾ എങ്ങനെ ഇവർക്ക് കിട്ടിയെന്നത് ദുരൂഹമാണ്. എന്താണ് ഇവരുടെ ഉദ്ദേശ്യമെന്നും അറിവായിട്ടില്ല. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളിൽ നിന്നു ബന്ധപ്പെട്ടു.
അന്വേഷണം തുടങ്ങി
സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വിഷയം ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പും വിവരങ്ങൾ ചോർന്നതിൽ അന്വേഷണം നടത്തും. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളിൽ നിന്നാണ് വിളികളേറെയും. ഇവരിൽ ചിലർ ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് ഫോൺകാളുകൾ ലഭിച്ചവർ പറയുന്നത്.