കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, ആകെയുള്ള 112 കൊറോണ ബാധിതരിൽ ഒരാൾ കൂടി ഇന്നലെ ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി. നിലവിൽ 54 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നിലവിൽ 55 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 21 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 6 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 32 പേർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2606 പേർ വീടുകളിലുമായി 2720 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയിൽ നിന്നും 2851 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2571 എണ്ണത്തിന്റെ ഫലം ലഭ്യമായി. 280 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതിനിടെ, വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിൾ പരിശോധന ഇന്നലെയും തുടർന്നു. ഇന്നലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളിൽ നിന്നെടുത്ത സാമ്പിളുകളുടെ എണ്ണം 88 ആയി. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവരെയാണ് രണ്ടാം ഘട്ടത്തിൽ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
മത്സ്യബന്ധനത്തിന് നിലവിലെ
വിലക്കുകൾ തുടരും: കളക്ടർ
കണ്ണൂർ: റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ചെറുതോണികളിലുള്ള മത്സ്യ ബന്ധനം ഒഴികെയുള്ളവയ്ക്ക് നിലവിലുള്ള വിലക്ക് മേയ് മൂന്നു വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മത്സ്യ ബന്ധന ബോട്ടുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ കണ്ണൂർ ജില്ലയ്ക്ക് ബാധകമല്ലെന്നും നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.