കാസർകോട്: അനധികൃതമായി ചരക്ക് വാഹനങ്ങളിലും മറ്റും ആളുകളെ കൊണ്ടുവന്നാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
വാഹനങ്ങൾ കണ്ടു കെട്ടുന്നതിനു പുറമേ മനുഷ്യക്കടത്തിന് കേസെടുക്കും. 10 വർഷം വരെ കഠിന തടവുലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. കർണാടക അതിർത്തികളിൽ നിന്ന് വനങ്ങളിലൂടെയുള്ള ആളുകളുടെ വരവ് കർശനമായി തടയും. ഇതിനായി വനമേഖലകളിൽ പരിശോധന ശക്തമാക്കും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കും. അനധികൃതമായി ആളുകളെ കൊണ്ടുവരുന്ന വാഹനത്തിലെ ജീവനക്കാർക്കെതിരെ എപിഡെമിക് ആക്ട് പ്രകാരവും മനുഷ്യക്കടത്ത് നിയമപ്രകാരവും കേസെടുക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ഹോട്ട് സ്‌പോട്ടുകളിൽ മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ബാബു അറിയിച്ചു. ഹോട്ട് സ്‌പോട്ടുകളിലും അതിർത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അറിയിച്ചു. എ.ഡി.എം എൻ ദേവിദാസ്, എച്ച്.എസ് കെ നാരായണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.