കണ്ണൂർ: ഉദ്യോഗാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക നിയമന അഭിമുഖം ലോക്ക് ഡൗൺ കഴിയുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം ചാൻസലർ കൂടിയായ ഗവർണ്ണർക്ക് നിവേദനം നൽകി.
സ്‌കൈപ്പ് വഴിയുള്ള അഭിമുഖത്തിൽ സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ സർവ്വകലാശാലക്ക് അതിൽ യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ലെന്നും, ഉദ്യോഗാർഥികൾക്ക് പിന്നീട് അവസരം നൽകുകയില്ലെന്നും ഉത്തരവിൽ പറയുന്നു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അംഗീകരിക്കാൻ സാധിക്കാത്തതും ആണ്. കൂടാതെ നേരിട്ടല്ലാതെ ഉള്ള അഭിമുഖം വൻ ക്രമക്കേടിന് വഴി വെക്കും എന്നതിനാൽ ഉത്തരവ് പിൻവലിച്ച് സർവ്വകലാശാല ഉദ്യോഗാർത്ഥികളുടെ ആശങ്ക അകറ്റണം. അല്ലാത്തപക്ഷം ഗവർണ്ണർ പ്രശ്നത്തിൽ ഇടപെടണമെന്നും അരുൺ കൈതപ്രം ആവശ്യപ്പെട്ടു.
മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ
കപ്പലുകൾ അയയ്ക്കണം: കെ.സുധാകരൻ എം.പി
കണ്ണൂർ: മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി കപ്പലുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് നല്കി.
മാലി തലസ്ഥാന നഗരിയിൽ ജോലി ചെയ്യുന്ന ഏകദേശം 22,000 ഇന്ത്യൻ പൗരന്മാരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. മാലിദ്വീപിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത കുറഞ്ഞുവരികയാണെന്നും ഈ സാഹചര്യത്തിൽ മാലിദ്വീപിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന് ഇന്ത്യയിൽ നിന്നും കപ്പലുകൾ അനുവദിക്കണമെന്നും എം.പി പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെടുകയും കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയോടും കേരളത്തിലെ മറ്റ് എംപിമാരോടും അഭ്യർത്ഥിക്കുകയും ചെയ്തു.