murder

ലിക്കോട്(കാസർകോട് ): വീട്ടുവളപ്പിൽ പ്ളാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വൃദ്ധനെ അയൽവാസിയായ യുവാവ് വെടിവച്ചുകൊന്നു. പിലിക്കോട് കരപ്പാത്ത് സോമേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ. സി. സുരേന്ദ്രൻ (65) ആണ് അയൽവാസിയായ സനലിന്റെ (32) വെടിയേറ്റുമരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

സ്വന്തം വീട്ടുവളപ്പിൽ കഴുത്തിൽ വെടിയേറ്റുവീണ സുരേന്ദ്രൻ തത്ക്ഷണം മരിച്ചു. സംഭവത്തിനുശേഷം വീട്ടിലേക്ക് ഓടിപ്പോയ സനൽ,​ കാറിൽ ചീമേനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പറമ്പിലെ ചപ്പുചവറുകൾ അടിച്ചുകൂട്ടിയ ശേഷം സുരേന്ദ്രൻ ഇന്നലെ വീട്ടുവളപ്പിൽ തീയിട്ടിരുന്നു. പുകയും ഗന്ധവും പടർന്നതിൽ പ്രകോപിതനായ സനൽ,​ സുരേന്ദ്രനുമായി വാക്കേറ്റമുണ്ടായി. തുടർന്ന് വീട്ടിൽ നിന്ന് തോക്കെടുത്ത് സുരേന്ദ്രനുനേരെ വെടിവയ്ക്കുകയായിരുന്നു. മരക്കച്ചവടവും ലോട്ടറിക്കച്ചവടവും നടത്തി വരികയായിരുന്നു സുരേന്ദ്രൻ. ഭാര്യ: സുകുമാരി. മക്കൾ: സുമേഷ്, സുജിന. മരുമകൻ: ബിജു. വിദേശത്തായിരുന്ന സനൽ അടുത്തിടെ നാട്ടിലെത്തി ടാക്സി ഓടിക്കുകയായിരുന്നു. ഇരുവീട്ടുകാരും ഒരു വർഷത്തോളമായി അതിർത്തി തർക്കത്തിലായിരുന്നുവെന്നും ലൈസൻസില്ലാത്ത നാടൻതോക്ക് ഉപയോഗിച്ചാണ് വെടുയുതിർത്തതെന്നും പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. കെ. സുധാകരൻ, കാസർകോട് ഡിവൈ.എസ്. പി എ. സതീഷ് കുമാർ, ചന്തേര സി. ഐ കെ. പി. സുരേഷ് ബാബു, എസ്. ഐ മെൽവിൻ ജോസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.