മട്ടന്നൂർ: മണ്ണൂരിലെ സാമൂഹ്യ പ്രവർത്തകൻ പള്ളിപ്പാത്ത് സിദ്ദിഖിന്റെ പച്ചക്കറിദാനം ഒരുമാസം പിന്നിട്ടു. ഇതുവരെ മട്ടന്നൂർ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണു സംഭാവനയായി നൽകിയത് 2 ക്വിന്റലിലേറെ പച്ചക്കറി!
മാർച്ച് 27 മുതൽ ഏപ്രിൽ 26 വരെയായി പയർ, ചീര, വെണ്ട, നരയൻ, മത്തൻ, വെള്ളരി, പപ്പായ, മൈസൂർ കുല, നേന്ത്രക്കുല എന്നിവയാണ് സിദ്ദിഖ് നൽകിയത്. 16 തവണയാണ് കോട്ടപ്പയർ നൽകിയത്. ദിനംപ്രതി രണ്ടും മൂന്നും ഇനം പച്ചക്കറിയാണ് സിദ്ദിഖ് നഗരസഭാ കിച്ചണിൽ എത്തിക്കുന്നത്. അതും 6 കിലോ മുതൽ 12 കിലോ വരെ. ജൈവ വളം മാത്രമാണ് സിദ്ദിഖ് കൃഷിക്ക് ഉപയോഗിക്കുന്നത്. അധികൃതരുടെ നിർദ്ദേശപ്രകാരം പച്ചക്കറിക്കൊപ്പം പത്തു മണിച്ചെടിയും സിദ്ദിഖ് ഇപ്പോൾ വളർത്തുന്നുണ്ട്.
തേനീച്ച കർഷകനും
നല്ലൊരു തേനീച്ച കർഷകൻ കൂടിയാണ് സിദ്ദിഖ്. മികച്ച തേനീച്ചകർഷകനുള്ള അവാർഡു നേടിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലമായതിനാൽ കൃത്യമായി യാത്രചെയ്ത് തേനീച്ചകളെ പരിപാലിക്കുവാൻ കഴിയുന്നില്ല എന്നതാണ് സിദ്ദിഖിന്റെ പരിഭവം. കൃത്യമായി പരിപാലിച്ചില്ലെങ്കിൽ മെഴുകു പുഴു, കടന്നൽ എന്നിവ തേനീച്ചയെ ആക്രമിക്കുകയും ഇതുകാരണം തേനീച്ചകൾ കൂട്ടംപിരിഞ്ഞ് പോകുകയും ചെയ്യും.