police

പിലിക്കോട് (കാസർകോട്): അയൽവാസിയായ യുവാവ് വെടിവെച്ചു കൊന്ന പിലിക്കോട് തെരുവിലെ സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.സി സുരേന്ദ്രന്റെ (65) മൃതദേഹം പെരുവഴിയിൽ കിടന്നത് 15 മണിക്കൂർ. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് ഭാഗമായി കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധർ ഞായറാഴ്ച വരാതിരുന്നത് കാരണമാണ് ഇത്രയും മണിക്കൂറുകൾ മൃതദേഹം വീട്ടുപറമ്പിൽ തന്നെ കിടന്നത്. മഴ കൊള്ളാതിരിക്കാൻ ടാർപോളിൻ ഷീറ്റ് എടുത്തു മൂടിയ മൃതദേഹത്തിന് രണ്ടു പൊലീസുകാരെ കാവൽ ഡ്യുട്ടി ഏൽപ്പിക്കുകയാണ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് അയൽവാസിയായ സനൽകുമാറിന്റെ (32) വെടിയേറ്റ് കൂലിപ്പണിക്കാരനായ സുരേന്ദ്രൻ മരിച്ചത്. കൃത്യം നടത്തിയ പ്രതി സനൽ രണ്ട് മണിക്കൂറിന് ശേഷം ചീമേനി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കാറിൽ പോകുന്നതിനിടയിൽ തെളിവ് നശിപ്പിക്കാൻ കൊല്ലാൻ ഉപയോഗിച്ച തോക്ക് മുഴക്കോം നാപ്പച്ചാൽ പുഴയിൽ വലിച്ചെറിയുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ചീമേനിയിൽ നിന്ന് ഇന്നലെ രാത്രി തന്നെ പ്രതിയെ പൊലീസ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ചന്തേര സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി. തോക്ക് കണ്ടെടുക്കാൻ ഇന്ന് രാവിലെ പ്രതിയുമായി നാപ്പച്ചാൽ പുഴയിൽ തെളിവെടുപ്പ് തുടങ്ങി.

ഒരു വർഷം നീളുന്ന സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം പിലിക്കോട് പ്രദേശത്തെ നടുക്കി. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ രണ്ട് കൊലപാതകംങ്ങൾ നടന്നിരുന്നെങ്കിലും സ്വത്ത് തർക്കത്തിന്റെ പേരിൽ ഒരു കൊലപാതകം നടക്കുന്നത് പിലിക്കോട് ഇത് ആദ്യമാണ്. കൊലപാതകം നടത്തിയ സനലിന് ക്രിമിനൽ പശ്ചാത്തലം ഏറെയുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ വെടിവെക്കാൻ ഉപയോഗിച്ച കള്ളത്തോക്കുമായി സംഘം ചേർന്ന് നായാട്ടിന് പോകാറുള്ള പ്രതി കർണ്ണാടകയിൽ നിന്ന് മദ്യം എത്തിച്ചു കച്ചവടവും നടത്തിവരാറുമുണ്ട്. നാട്ടിൽ ഇറങ്ങിയും പക്ഷിമൃഗാദികളെ വെടിവെച്ചു പിടിച്ചു കൊണ്ടുവന്ന് ചുട്ടുതിന്നുകയും മദ്യസൽക്കാരം നടത്തുന്നതും പതിവാണെന്ന് ആരോപണമുണ്ട്. സുരേന്ദ്രനെ അഞ്ചു മീറ്റർ മാത്രം അകലെ വെച്ചാണ് സനൽ വെടിവെച്ചത്. വെടിവെപ്പിൽ കൃത്യമായി കഴുത്തിനു തന്നെ വെടിയുണ്ട തുളച്ചു കയറി. വെടിയുണ്ട തടുക്കാൻ ശ്രമിച്ചപ്പോൾ സ്യരേന്ദ്രന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത് നിന്നാണെങ്കിലും 'ഷാർപ്പ് ഷൂട്ടർ' മാർക്ക് മാത്രമേ ഇങ്ങനെ വെടിവെക്കാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചു വെച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. പ്രതി സനൽ 2010 ൽ സംഘടിപ്പിച്ച ഈ നാടൻ തോക്കിന് ലൈസൻസ് ഇല്ലെന്ന് കാസർകോട് സി ബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഒരു വർഷം മുമ്പ് ഗൾഫിൽ നിന്നെത്തിയ സനൽ ടാക്സി ഡ്രൈവർ ആയി ജോലി തുടങ്ങിയിരുന്നു. നാട്ടിൽ എത്തിയത് മുതൽ അയൽവാസിയായ സുരേന്ദ്രനുമായി സ്വത്ത് തർക്കത്തിലാണ്. കൊല്ലപ്പെട്ട സുരേന്ദ്രന്റെ സ്ഥലം ഉയർന്ന നിലയിലും സനലിന്റെ സ്ഥലം താഴ്ന്നിട്ടുമാണ്. സ്ഥലം ഒരുപോലെ ആക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. ലോക് ഡൗൺ കാരണം സംഭവം നടക്കുമ്പോൾ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. വെടിയേറ്റ് വീണ സ്യരേന്ദ്രനെ കണ്ട് വീട്ടുകാർ ബഹളം വെച്ചപ്പോൾ ആണ് അയൽവാസികൾ ഓടിയെത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, കാസർകോട് സി ബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്‌കുമാർ, ചന്തേര എസ്.ഐ മെൽവിൻ ജോസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.