കാസർകോട്: ജില്ലയിൽ രോഗ വ്യാപനം ചെറുക്കാൻ കഴിഞ്ഞെങ്കിലും, വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായുള്ള ജനകീയ പരിശോധന തുടങ്ങി. കളക്ടർമാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലെ നിർദേശത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. സമൂഹ വ്യാപനമില്ലെന്ന് ഉറപ്പ് വരുത്താനാണ് ഇപ്പോൾ നടക്കുന്ന പരിശോധനകൊണ്ട് ലക്ഷ്യമിടുന്നത്.
ജില്ലയിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ ആദ്യദിവസമായ ഇന്നലെ നടത്തിയ പരിശോധനയിൽ 300 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. 10 വിഭാഗത്തിൽ ഉൾപ്പെട്ടവരെയാണ് പരിശോധിക്കുന്നത്. രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ആശ പ്രവർത്തകർ തുടങ്ങിയവരെയാണ് പരിശോധിക്കുക. ജില്ലയിൽ ഞായറാഴ്‌ച ഒരാൾ രോഗമുക്തി നേടി. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. കാസർകോട് മെഡിക്കൽ കോളേജിൽ നിന്നാണ് ഒരാൾ ഡിസ്ചാർജായത്. ജില്ലയിൽ നിലവിൽ 15 രോഗികളാണുള്ളത്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 160 പേർ രോഗമുക്തരായി. 91.4 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. ജില്ലയിൽ 2197 പേരാണ് നിരീക്ഷണത്തിലുള്ളത്. 2165 പേർ വീട്ടിലും 32 പേർ ആശുപത്രിയിലും. 3791 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 3104 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 370 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഞായറാഴ്‌ച പുതിയതായി രണ്ട് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 256 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.