pic-

കണ്ണൂർ: കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ജില്ലയിൽ കൊവിഡ് വ്യാപനം കുറയുന്നു. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നീക്കമാണ് ഫലം കാണുന്നത്. ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന തീവ്ര രോഗ മേഖലയിൽ സാധനങ്ങൾ ഹോം ഡെലിവറിയായി മാത്രം എത്തിക്കാനുള്ള തീരുമാനവും പുറത്ത് ഒരാളെ പോലും ഇറക്കാൻ അനുവദിക്കാത്ത വിധമുള്ള ഇടപെടലുമാണ് ഗുണം ചെയ്തത്. ജില്ലയെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ച് മൂന്ന് എസ്.പിമാർ സുരക്ഷ ഏകോപിപ്പിക്കുമ്പോൾ മുക്കിലും മൂലയിലും വരെ പൊലീസുകാർ പരിശോധനയ്ക്കുണ്ട്.

വ്യാപാര മേഖലയിലെ സ്തംഭനം ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി ഭയന്ന് ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ച് ഉത്തരവായി. കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് എന്നീ സംഘടനകൾ നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ മന്ത്രി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നും 29നും സിമന്റ് കടകളും നാളെയും 30നും ഇലക്ട്രോണിക് കടകളും ഇന്നും നാളെയും ടാർപോളിൻ വിൽക്കുന്ന കടകളുമാണ് തുറക്കാൻ അനുമതി. കടകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ തുറക്കാം. എസി, ഫാൻ, മിക്സി, റഫ്രിജറേറ്റർ തുടങ്ങിയവ വിൽക്കുന്ന കടകൾ തുറക്കാമെങ്കിലും സാധനങ്ങൾ ഹോം ഡെലിവറി ആയി മാത്രമേ വിതരണം ചെയ്യാനാകൂ.

സിമന്റ് കടകളും ടാർ പോളിൻ കടകളും ശുചീകരണം നടത്തണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ഹോം ഡെലിവറി ആയി മാത്രമേ വിൽപ്പന പാടുള്ളൂ. അഞ്ചു ജീവനക്കാർ മാത്രമേ പാടുള്ളൂ. എല്ലാ ദിവസവും ഒരേ ജീവനക്കാർ തന്നെ ജോലിക്കെത്തണം. തൊഴിലാളികളെ റൊട്ടേറ്റ് ചെയ്ത് ഉപയോഗിക്കരുത്. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ജോലിസ്ഥലത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ പരിശോധന നൽകേണ്ടതും കൊവിഡ് 19 രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഉറപ്പുവരുത്തണം. വ്യാപാര സ്ഥാപനത്തിന് അടുത്തുള്ളവർ മാത്രമേ ജോലിക്കെത്താൻ പാടുള്ളൂ എന്നിങ്ങനെയും നിർദ്ദേശമുണ്ട്.