കണ്ണൂർ: വിദേശത്തു നിന്ന് പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ, അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംവിധാനം നിർബന്ധമാണ്. ഭൂരിഭാഗം പ്രവാസികൾ ലോക്ക്ഡൗൺ കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ. ഇവരെ താമസിപ്പിക്കാനുളള കെട്ടിടങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ജില്ല ഭരണകൂടം നിർദേശം നൽകി കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള വിശദവിവരം കിട്ടുമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസുഫിനാണ് ചുമതല നൽകിയിട്ടുള്ളത്. നേരത്തേ പൊതുമരാമത്ത് വകുപ്പ് നൽകിയ ലിസ്റ്റ് പ്രകാരം സൗകര്യങ്ങൾ ഒരുക്കിയാൽ മതിയാവില്ലെന്നു കണ്ടാണ് സൗകര്യമുള്ള കെട്ടിടം കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചത്. എന്നാൽ, സ്‌കൂളുകൾ പോലുള്ള കെട്ടിടങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നത്. നിരീക്ഷണത്തിൽ പാർപ്പിക്കുമ്പോൾ ഒരാൾക്ക് ശുചിമുറി സൗകര്യത്തോടെയുള്ള മുറിതന്നെ വേണം. അത് സ്‌കൂൾ കെട്ടിടങ്ങളിൽ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ലോഡ്ജുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ സ്‌കൂളുകൾ തുടങ്ങിയവ പരിഗണിക്കുന്നത്.
ഏകദേശം 20,000 കിടക്കകൾക്കുള്ള സൗകര്യമാണ് ജില്ലയിൽ ഒരുക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നോർക്കയുടെ വെബ്‌സൈറ്റിൽ വെള്ളിയാഴ്ച തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയായെങ്കിലേ എത്രപേർ എത്തുമെന്ന കൃത്യമായ കണക്ക് ലഭ്യമാകൂ. വിദേശത്ത് നിന്ന് എത്തുന്നവരെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ മാത്രമെ താമസിപ്പിക്കൂ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.