ചെറുവത്തൂർ: ഇളവുകൾ കൂടുതലായി പ്രഖ്യാപിച്ചതോടെ ജനങ്ങൾ ഇന്നലെ റോഡിലിറങ്ങി. ഇതോടെ കർശന നടപടികളുമായി പൊലീസും രംഗത്തിറങ്ങി. വിവിധ ആവശ്യങ്ങൾക്ക് എന്ന പേരിൽ നിരവധി വാഹനങ്ങൾ ടൗണിൽ ആളുകളെയും കൊണ്ട് ഇന്നലെ എത്തിയിരുന്നു. കൊവിഡ് രോഗം പടരുന്നതിന്റെ ഭാഗമായി ലോക് ഡൗൺ ശക്തമാക്കുന്നതിനായി പൊലീസ് പരിശോധന വീണ്ടും കർശനമാക്കുകയായിരുന്നു. ചെറുവത്തൂർ റെയിൽവെ ഓവർബ്രിഡ്ജ് പരിസരത്തെ ടോൾ ബൂത്ത്, ഞാണംകൈ, കയ്യൂർ റോഡ്, കാലിക്കടവ് ദേശീയ പാത അതിർത്തി, തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. പടന്ന, മടക്കര, കാടങ്കോട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ചെറുവത്തൂർ ഓവർ ബ്രിഡ്ജ് കടത്തുന്നത് ശക്തമായ പരിശോധനക്ക് ശേഷമാണ്.
ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷ, വാനുകൾ എന്നിവ വരുന്നതിനാൽ കർശന പരിശോധന തുടങ്ങിയതിനെ തുടർന്ന് വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായി. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. നിയന്ത്രണങ്ങൾ ലംഘിച്ചു പോകുന്നവരെ പൊലീസ് പിടികൂടി കേസെടുക്കുകയും ചെയ്തു. ആശുപത്രിയിൽ പോകുന്നവരെ പൊലീസ് പോകാൻ അനുവദിച്ചിരുന്നു. അതേസമയം കാലിക്കടവ് ദേശീയ പാതയിൽ ഗർഭിണികൾ അടക്കമുള്ളവരെ തടഞ്ഞു തിരിച്ചയച്ചതായി പരാതിയുണ്ടായി. ഞായറാഴ്ച അവധി ദിവസം ആയതിനാലാണ് തിങ്കളാഴ്ച വൻതോതിൽ ആളുകൾ നിറത്തിൽ ഇറങ്ങിയത്.