മുംബൈ: മരണവും രോഗ വ്യാപനവും നിയന്ത്രണ വിധേയമായി ഉയരുന്നതോടെ വൻ ആശങ്കയിലാണ് മഹാരാഷ്ട്രയും മുംബൈ നഗരവും. ഇന്ത്യയുടെ വ്യാവസായിക രംഗത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ തുറമുഖ നഗരം നേരിടുന്ന ചെറീയ വെല്ലുവിളികൾ പോലും രാജ്യത്തെ പിടിച്ചുലക്കും. ചേരികൾ നിറഞ്ഞ മുംബയ് നഗരത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കാമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ധാരാവിയിൽ ഇന്ന് 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ഇത്തരം ആശങ്കയ്ക്ക് അടിസ്ഥാനം. ഈ സാഹചര്യമാണ് ലോക്ക് ഡൗൺ കാലയളവ് നീട്ടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
സംസ്ഥാനത്തെ ആകെ രോഗബാധിതർ 8068 ആയപ്പോഴേക്കും മരണ സംഖ്യ 342 ആയി. 1188 പേർ രോഗ മുക്തരായി ആശുപത്രി വിട്ടെങ്കിലും രോഗ വ്യാപന തോത് ആശങ്കപ്പെടുത്തുകയാണ്.
സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്തിൽ 324 പേർ മുംബൈ സ്വദേശികളാണ്. പരിശോധനകൾ ശക്തമാക്കിയതോടെ ധാരാവിയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 275 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം. ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച മഹീം, ദാദർ മേഖലകളിൽ രണ്ടുദിവസമായി പോസിറ്റീവ് കേസുകൾ ഇല്ലെങ്കിലും ആശങ്കയ്ക്ക് ശമനമായിട്ടില്ല. ചുരുങ്ങിയ സ്ഥലത്ത് ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്നതാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്കെതിരെ ഉണ്ടാകുന്ന പ്രാദേശിക വികാരവും പ്രശ്നമാകുന്നു. ഇതിൽ ഇടപെടൽ ഉണ്ടാകാത്തത് അയൽ സംസ്ഥാനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. മുംബൈയിൽ മദ്ധ്യപ്രദേശ് ,ഉത്തർപ്രദേശ് ബീഹാർ ,രാജസ്ഥാൻ ,ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനക്കാരാണ് വ്യാപകമായി തൊഴിൽ രംഗത്തുള്ളത്. ഇവർക്ക് നാട്ടിലേക്ക് തിരിച്ച് പോകാൻ ട്രെയിനുകൾ ലഭ്യമല്ലാത്തതാണ് പ്രശ്നം. ഇവരെ കൊണ്ടുപോകാൻ ഉദ്ധവ് താക്കറെ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് മറ്റ് സംസ്ഥാനങ്ങൾ കാത്തിരിക്കുകയാണ്.