കണ്ണൂർ: കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ ആശയമായിരുന്ന 'സ്വയംപര്യാപ്ത ഗ്രാമങ്ങൾ ' സൃഷ്ടിക്കുന്നു. കൊവിഡ് 19 ന്റെ പശ്ചാത്താത്തലത്തിൽ എല്ലാ ഗാന്ധി ദർശൻവേദി പ്രവർത്തകരുടെ വീടുകളിലും അടുക്കളത്തോട്ടം തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ നീളുന്ന പശ്ചാത്തലമാണെങ്കിൽ ഹരിത വേദിയുടെ ആഭിമുഖ്യത്തിൽ കൂടുതൽ പച്ചക്കറിവിത്തുകൾ സംഘടിപ്പിച്ച് പ്രവർത്തകർക്ക് എത്തിച്ച് അടുക്കളത്തോട്ടത്തിന്റെ പ്രവർത്തനം കൂടുതൽ വ്യാപൃതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിന് ശേഷം സ്വയംപര്യാപ്ത ഗ്രാമങ്ങളെന്ന പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക് എല്ലാ നിയോജക മണ്ഡലങ്ങളിലും തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷിയിറക്കുവാനും തീരുമാനിച്ചു. വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കി കുറഞ്ഞ വിലയിൽ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ട പ്രവർത്തനം പിണറായി എരുവട്ടിയിൽ നടക്കുമെന്ന് ഹരിതവേദി ജില്ലാ കോ-ഓർഡിനേറ്റർമാരായ രഞ്ജിത്ത് എരുവട്ടിയും പി.കെ. പ്രകാശനും അറിയിച്ചു.