കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് നാളികേര കൃഷിയും ബുദ്ധിമുട്ടിലായി. തൊഴിലാളികൾ ലോക്കിലായതോടെ വിളഞ്ഞ തേങ്ങകൾ പറിക്കാനോ തെങ്ങിന് മറ്റുജോലികൾ ചെയ്യിക്കാനോ സാധിക്കാതെ കർഷകർ പ്രയാസത്തിലായപ്പോൾ തേങ്ങയുടെ വില അല്പം ഉയർന്നു. ആവശ്യത്തിന് തേങ്ങകൾ ലഭിക്കാത്തതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ലോക്ക്ഡൗണിന് മുമ്പ് 35 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ 40 രൂപ നല്കിയാണ് വ്യാപാരികൾ ശേഖരിക്കുന്നത്. കൊപ്രവില 105ലുമെത്തിയിട്ടുണ്ട്. എന്നാൽ ഉത്പന്നങ്ങൾ ഈ സമയത്ത് വിപണിയിലെത്തിക്കാനാകാത്തതിനാൽ ഇതുകൊണ്ട് കർഷകന് ഗുണകരമല്ലാതായിരിക്കുകയാണ്.
തേങ്ങ സമയത്തിന് വിളവെടുക്കാനാവാത്തതിനാൽ കടുത്ത ചൂടുകൂടിയുള്ളപ്പോൾ വീണുപോകുകയാണ്. തോട്ടങ്ങളിൽ തെങ്ങിന്റെ പരിപാലനവും മുടങ്ങിയിരിക്കുകയാണ്. തെങ്ങിന് വളരെയധികം ജലസേചനം നടത്തേണ്ട കാലത്താണ് ലോക്ക്ഡൗൺ എത്തിയിരിക്കുന്നത്.
ചിലവേറി
ചെലവേറിയ കൃഷിയാണ് നാളികേരമെന്ന് കർഷകർ പറയുന്നു. മികച്ച വിളവ് ലഭിക്കണമെങ്കിൽ ചെലവും കൂടുതലാണ്. ജലസേചനം നല്ലപോലെ ചെയ്യുകയെന്നത് തന്നെയാണ് പ്രധാനം. എന്നാൽ ഇക്കാര്യങ്ങൾക്ക് സർക്കാർ സഹായം വേണ്ടപോലെ ലഭിക്കുന്നില്ല. ഇപ്പോഴും തോട്ടങ്ങളിൽ വൈദ്യുതിയെത്തിക്കാൻ കർഷകർ ഓരോ തൂണിനും 16,000 രൂപയെങ്കിലും നല്കേണ്ടിവരും. ഇതിന് പുറമെയാണ് ജില്ലയിലെ പലസ്ഥലങ്ങളിലും കർഷകർ അനുഭവിക്കുന്ന വന്യജീവികളുടെ ആക്രമണം. കുരങ്ങുകളുടെയും പന്നികളുടെയും ശല്യം പലസ്ഥലങ്ങളിലുമുണ്ട്. ഇപ്പോൾ നാളികേരം പറിക്കാതെ വീണുപോയാൽ ഒന്നും കർഷകന് ലഭിക്കില്ല. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കർഷകർ കുരങ്ങ്ശല്യം രൂക്ഷമാണ്.
ബൈറ്റ്
വന്യമൃഗങ്ങൾക്കായി വനത്തിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചാൽ ഇവ കാർഷികഭൂമിയിൽ ഇറങ്ങി വിളവ് നശിപ്പിക്കുന്നത് ഒരു പരിധി വരെ തടയാനാകും. ഇതിനുള്ള ശ്രമം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവണം-കെ.പി കുമാരൻ, നാളികേര കർഷകൻ കുന്നോത്ത്പറമ്പ്