covid-19

കാസർകോട്: ജില്ലയിലെ കൊവിഡ് ബാധിതരുടെ വിശദവിവരങ്ങൾ ചോർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി രാംദാസ് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ മാദ്ധ്യമ വാർത്തകളെ തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി അറിയാനാണ് അന്വേഷണത്തിന് കത്തുനൽകിയതെന്ന് ഡി.എം. ഒ അറിയിച്ചു. അതേസമയം, ബംഗളൂരു അസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. സ്വകാര്യ വിവര ശേഖരണ കമ്പനിയായ ഐ കൊന്റൽ സൊല്യൂഷൻസിന്റെ പ്രതിനിധികളാണ് വിവരങ്ങൾ ആരാഞ്ഞ് രോഗികളെ വിളിച്ചതെന്നാണ് കണ്ടെത്തൽ.

അതേസമയം, രോഗികളുടെ വിവരങ്ങൾ പുറത്തുവന്നതിൽ അത്ഭുതമില്ലെന്നും വിവരങ്ങൾ വച്ച് മുതലെടുപ്പിന് ആരേയും അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.