കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. മൊകേരി സ്വദേശിയായ 49കാരി സമ്പർക്കത്തിലൂടെയാണ് രോഗബാധിതയായത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ 23ന് ഇവർ സ്രവ പരിശോധനയ്ക്ക് വിധേയയായിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 113 ആയി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ആറു പേർ കൂടി ഇന്നലെ രോഗ മുക്തരായതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 64 ആയി.

ബാക്കി 48 പേരാണ് ഇനി ചികിത്സയിലുള്ളത്. ജില്ലയിൽ നിലവിൽ 2768 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 53 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 10 പേരും ജില്ലാ ആശുപത്രിയിൽ 20 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 31 പേരും വീടുകളിൽ 2654 പേരുമാണുള്ളത്. ഇതുവരെ 2915 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2641 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 2473 എണ്ണം നെഗറ്റീവാണ്. 274 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ചെണ്ടയാട് സ്വദേശിയായ 51 കാരൻ, ചെറുവാഞ്ചേരി സ്വദേശിയായ 29 കാരൻ, ചപ്പാരപ്പടവ് സ്വദേശിയായ 39കാരൻ, മുതിയങ്ങ സ്വദേശിയായ 61കാരൻ, പാത്തിപ്പാലം സ്വദേശിയായ 30കാരൻ, കോട്ടയം മലബാർ സ്വദേശിയായ ഒമ്പത് വയസുകാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ജില്ലയിൽ ആശങ്കപ്പെടേണ്ട അവസ്ഥ നിലവിലില്ലെങ്കിലും നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതാണ് നല്ലതെന്ന് ജില്ലാ നോഡൽ ഓഫീസർ ഡോ. എൻ. അഭിലാഷ് പറഞ്ഞു. ശരീര ശുചിത്വം, സാമൂഹ്യ അകലം എന്നിവ കർശനമായി പാലിക്കുന്നതിനൊപ്പം പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.