പിലിക്കോട്: പിലിക്കോട് തെരുവിലെ കെ.സി സുരേന്ദ്രനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സനൽ വ്യാജവാറ്റ് നടത്തുന്നതായി നാട്ടുകാരോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യവും ഉണ്ടെന്ന് പ്രാഥമികാനേഷണത്തിൽ വ്യക്തമായി. അതിർത്തി തർക്കം നടക്കുന്നതിനിടയിൽ തന്നെ ലോക് ഡൗണിന്റെ മറവിൽ നാടൻ ചാരായം ഉണ്ടാക്കുന്നതിനായി സനൽ വ്യാജവാറ്റ് നടത്തുന്നതായി കൊല്ലപ്പെട്ട സുരേന്ദ്രൻ നാട്ടിൽ ചിലരോട് പറഞ്ഞിരുന്നു. സുഹൃത്തുക്കൾ ഇക്കാര്യം സനലിന്റെ ചെവിയിൽ എത്തിച്ചു. ഈ വൈരാഗ്യവും കൊലക്ക് പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി സനലിന്റെ വീട്ടിൽ ചന്തേര പൊലീസ് നടത്തിയ തിരച്ചിലിൽ വാറ്റ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. അതേസമയം അടുത്ത നാളുകളിൽ വാറ്റിയതിന്റെ വാഷ് ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സുരേന്ദ്രനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നാടൻതോക്ക് കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നു. നാട്ടിൽ പലർക്കും സനൽ വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചി എത്തിച്ചു നൽകിയിട്ടുണ്ട്. അതിനിടെ കാസർകോട് ജില്ലാ പൊലീസ് ചീഫ് പി.സി സാബു ഇന്നലെ രാവിലെ സംഭവസ്ഥലവും വീടും സന്ദർശിച്ചു. ഡിവൈ എസ് പി മാരായ പി കെ സുധാകരൻ, എ സതീഷ് കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു. അന്വേഷണം ഊർജിമാക്കാനും തോക്ക് കണ്ടെത്തി പ്രതിയുടെ അറസ്റ്റ് നടത്താനും നിർദ്ദേശം നൽകിയതായും എസ് പി പി എസ് സാബു പറഞ്ഞു.