പയ്യന്നൂർ: ലോക്ക് ഡൗണിനെ തുടർന്ന് ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന റെയിൽവേ കാറ്ററിംഗ് തൊഴിലാളികൾക്കും റെയിൽവേ കേറ്ററിംഗ് സ്റ്റാൾ കോൺട്രാക്ടർമാർക്കും സാമ്പത്തിക സഹായമനുവദിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു. ഇവർക്കുവേണ്ടി ഇതുവരെ യാതൊരുവിധ സാമ്പത്തിക സഹായപദ്ധതികളും റെയിൽവേയോ ഇന്ത്യ ഗവണ്മെന്റോ പ്രഖ്യാപിച്ചിട്ടില്ല. ഇവർക്ക് വാടക നൽകുന്നതിൽ ഇളവൊ മൊറട്ടോറിയമോ റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി റെയിൽവേ കാറ്ററിങ് തൊഴിലാളികൾക്കും റെയിൽവേ കേറ്ററിംഗ് സ്റ്റാൾ കോൺട്രാക്ടർമാർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും, വാടക പിരിക്കുന്നതിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.