കൂത്തുപറമ്പ്:കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യമർപ്പിച്ച് കൂത്തുപറമ്പിൽ തയ്യാറാക്കിയ കൊവിഡ് വാർ ഇൻ കേരള പെയിന്റിംഗ് നാടിന് സമർപ്പിച്ചു.160 അടി നീളത്തിലും 50 അടി വീതിയിലുമാണ് കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിൽ കോവിഡ് വാർ ഇൻ കേരള എന്ന പേരിലുള്ള ചിത്ര രചന.

കേരളത്തിലെ 14 ജില്ലകളുടെയും പശ്ചാത്തലത്തിൽ കൊവിഡിനെതിരെ നടന്ന പോരാട്ടമാണ് ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ ,ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എന്നിവരുടെ നേതൃത്വത്തിൽ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെയെല്ലാം ചിത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രകാരൻ ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിലുള്ള പത്തോളം കലാകാരന്മാർ ചേർന്ന് ഒരാഴ്ച്ചയോളമെടുത്താണ് ചിത്രം വരച്ചത്. കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം.സുകുമാരൻ ചിത്രം നാടിന് സമർപ്പിച്ചു. കൂത്തുപറമ്പ് എസ്.ഐ.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ , എ.എസ്.ഐ.മാരായ സി.അനിൽകുമാർ, കെ.എ.സുധി, ട്രൂ കോട്ട് പാർട്ട്ണർ ഷെക്കീർ ,തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും, പൊലീസിനും, സന്നന്ധ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യപിച്ച് മൺചിരാതുകൾ തെളിയിച്ചു.ചിത്രകാരൻ ഷൈജു കെ.മാലൂരിനെ ചടങ്ങിൽ ആദരിച്ചു.