പയ്യന്നൂർ: റോഡരികിൽ രാത്രി വിശ്രമിക്കാൻ പാർക്ക് ചെയ്യുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ നിന്നും ടയറുകൾ ഊരി മാറ്റി കടത്തി കൊണ്ട് പോകുന്ന അന്തർ സംസ്ഥാന മോഷണസംഘത്തിലെ രണ്ടു പേർ പോലീസ് പിടിയിൽ. കർണ്ണാടക ബൽഗാം സോളാപ്പൂർ സ്വദേശികളായ മാരുതിയുടെ മകൻസന്തോഷ് പരീദ്(30), മൈനുദ്ദീന്റെ മകൻ തബ്റി ജ്മക്കന്തർ (28) എന്നിവരാണ് തലപ്പാടി ചെക്ക് പോസ്റ്റിൽ മോഷ്ടിച്ച ടയർ കടത്തിക്കൊണ്ട്
പോകുകയായിരുന്ന ലോറി സഹിതം പോലീസ്പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ കരിവെള്ളൂർ പാലക്കുന്നിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ട സിമന്റ് ലോറിയുടെ അഞ്ച് ടയറുകളാണ് സംഘം ഊരിമാറ്റി കടത്തികൊണ്ടുപോയത്.ഡ്രൈവർ കരിവെള്ളൂർ സ്വദേശി സുജിത് ലോറിയിൽ ഉറങ്ങുന്ന സമയം നോക്കിയായിരുന്നു മോഷണം.
ഇതെ കമ്പനിയുടെ മറ്റൊരു ലോറിയുടെ ഡ്രൈവർ കണ്ടതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരം കൈമാറുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പെട്രോൾ പമ്പിലെ സി.സി.ക്യാമറ പരിശോധിക്കുകയും , കാമറയിൽ പതിഞ്ഞ മോഷണ ദൃശ്യം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പയ്യന്നൂർ സി.ഐ.എ.വി. ജോൺ വിവിധ ചെക്ക് പോസ്റ്റുകളിലും പൊലീസ് അലർട്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം സി .ഐ യുടെ നേതൃത്വത്തിൽ തലപ്പാടി ടോൾ ബൂത്തിനടുത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ രാവിലെ ഏഴ് മണിയോടെ സംശയം തോന്നി കർണ്ണാടക റജിസ്ട്രേഷണിലുള്ള നാഷണൽ പെർമിറ്റ് ലോറി പരിശോധിച്ചപ്പോഴാണ് അഞ്ച് ടയറുകൾ കണ്ടെെത്തിയത്. പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ. പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഞ്ചേശ്വരത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് പയ്യന്നൂരിൽ എത്തിച്ചു.
അതേ സമയം ടയറുകൾ മോഷണം നടത്തിയ ശേഷം സംഘം രണ്ടു ദിശകളിലേക്ക് ലോറി ഓടിച്ചു പോയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമെ ദേശീയ പാതയിൽ കാസർകോട് വിദ്യാനഗർ, ചെറുവത്തൂർ ഞാണങ്കൈ, വെള്ളൂർ, കണ്ടോത്ത് എന്നിവിടങ്ങളിലേയും തലശേരിയിലേയും നിർത്തിയിട്ട ലോറികളിൽ നിന്നും ടയറുകൾ മോഷണം നടത്തി അതിർത്തി കടന്ന് രക്ഷപ്പെടുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.