covid-

കാസര്‍കോട്: കൊവിഡ് ബാധിതരുടെ ഡേറ്റകൾ ചോർന്ന സംഭവത്തിൽ സൈബർ സെൽ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കാസർകോട് ഡി.എം.ഒ നൽകിയ പരാതിയിൽ കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെല്‍ത്ത്) ഡോ. എ.വി രാംദാസ് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ മാദ്ധ്യമ വാർത്തകളെ തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യർത്ഥിച്ചിരിക്കുന്നതെന്ന് ഡി.എം.ഒ അറിയിച്ചു. അതേസമയം ബംഗളൂരു അസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഈ സ്വകാര്യ കമ്പനി പ്രതിനിധികളാണ് വിവരങ്ങൾ ആരാഞ്ഞ് രോഗികളെ വിളിച്ചതെന്നാണ് കണ്ടെത്തൽ. അതേസമയം രോഗികളുടെ വിവരങ്ങൾ പുറത്ത് വന്നതിൽ അത്ഭുതമില്ലെന്നും വിവരങ്ങൾ വച്ച്‌ മുതലെടുപ്പിന് ആരേയും അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതിനിടെ കാസർകോട് ജില്ലയിലെ ഡേറ്റകൾ ചോർന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെ തുടർ ചികിത്സ വാഗ്ദാനം ചെയ്ത് ബംഗളുരുവിലെ സ്വകാര്യ ആശുപത്രികൾ ബന്ധപ്പെട്ടതാണ് വിവാദമായത്.