പിലിക്കോട്: കാസർകോട് ജില്ലയിൽ പിലിക്കോട് തെരുവിലെ കെ.സി സുരേന്ദ്രനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സനൽ കുമാറിനെ (32) ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.14 ദിവസത്തേക്ക് ഇയാളെ കണ്ണൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. സുരേന്ദ്രനെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന നാടൻ തോക്ക് ഇന്നലെ വൈകിട്ട് മുഴക്കോം നാപ്പച്ചാൽ തോട്ടിൽ നിന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കൊലപാതകത്തിനു പിന്നിൽ സനൽ വ്യാജവാറ്റ് നടത്തുന്നതായി നാട്ടുകാരോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യവും ഉണ്ടെന്ന് പ്രാഥമികാനേഷണത്തിൽ വ്യക്തമായി.
അതിർത്തി തർക്കം നടക്കുന്നതിനിടയിൽ തന്നെ ലോക്ക്ഡൗണിന്റെ മറവിൽ സനൽ വ്യാജവാറ്റ് നടത്തുന്നതായി കൊല്ലപ്പെട്ട സുരേന്ദ്രൻ നാട്ടിൽ ചിലരോട് പറഞ്ഞിരുന്നു. സുഹൃത്തുക്കൾ ഇക്കാര്യം സനലിന്റെ ചെവിയിൽ എത്തിച്ചു. ഈ വൈരാഗ്യവും കൊലക്ക് പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി സനലിന്റെ വീട്ടിൽ ചന്തേര പൊലീസ് നടത്തിയ തിരച്ചിലിൽ വാറ്റ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. അതേസമയം അടുത്ത നാളുകളിൽ വാറ്റിയതിന്റെ വാഷ് ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സുരേന്ദ്രനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നാടൻതോക്ക് കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നു. നാട്ടിൽ പലർക്കും സനൽ വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചി എത്തിച്ചു നൽകിയിട്ടുണ്ട്. കാസർകോട് ജില്ലാ പൊലീസ് ചീഫ് പി.സി സാബു ഇന്നലെ ഉച്ചയോടെ സംഭവസ്ഥലവും വീടും സന്ദർശിച്ചു. ഡിവൈ.എസ്.പി മാരായ പി.കെ സുധാകരൻ, എ. സതീഷ് കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.
വളപ്പിൽ ചവുട്ടിയാൽ തന്നെ ഞാൻ കൊല്ലുമെന്ന് വെല്ലുവിളിച്ച പ്രകോപനത്തിലാണ് വീട്ടിൽ പോയി തോക്കെടുത്തു വന്ന് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തോക്കുമായി വന്നപ്പോൾ സുരേന്ദ്രൻ വാരികഷണം എടുത്ത് അടിക്കാൻ വന്നതായും അപ്പോൾ ആണ് കാഞ്ചി വലിച്ചതെന്നും സനൽ മൊഴി നൽകിയിട്ടുണ്ട്. താൻ പണിയുന്ന പുതിയ വീട്ടിൽ വ്യാജവാറ്റ് നടത്തുകയാണെന്ന് പ്രചരിപ്പിച്ചു തന്നെയും കുടുംബത്തെയും സമൂഹത്തിൽ അപമാനിക്കാൻ സുരേന്ദ്രൻ ശ്രമിച്ചതായും സനൽ മൊഴി നൽകി. ചന്തേര സി.ഐ കെ.പി സുരേഷ് ബാബു ആണ് കേസ് അന്വേഷിക്കുന്നത്.