covid-19

ലണ്ടൻ: ലോകത്ത് സമീപകാലത്തായി നടന്ന ദുരന്തങ്ങളിൽ അഭയാർത്ഥികളാക്കപ്പെട്ടവർ കേരള ജനസംഖ്യയേക്കാളേറെ. രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും രോഗവും പ്രകൃതി ക്ഷോഭങ്ങളും കാരണം അഞ്ച് കോടിയിലേറെ ജനം സകലതും ഉപേക്ഷിച്ച് പലായനം ചെയ്തെന്നാണ് ഇന്റേണൽ ഡിസ്പ്ലേസ്മെന്റ്മോണിറ്ററിംഗ് സെന്റർ (ഐ.ഡി.എം.എസ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കൊവിഡ് 19 പല ദരിദ്ര രാഷ്ട്രങ്ങളിലും സ്ഥിതി വഷളാക്കിയിട്ടുണ്ട്. രോഗ വ്യാപനം പൂർണ്ണമായി ഇല്ലാതാകുമ്പോഴേക്കും ദുരന്ത ബാധിതർ ആറുകോടിയോളം ആകുമെന്നാണ് കണക്കുകൂട്ടൽ. തൊഴിലില്ലായ്മ, ഭക്ഷണ പ്രതിസന്ധിയടക്കമാണ് സ്ഥിതി വഷളാക്കുക. അതേസമയം, 4.5 കോടി ആളുകൾ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങൾ കൊണ്ട് മാത്രം വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. അരക്കോടി ജനങ്ങൾ ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെട്ടവരാണ്. ഒരു വർഷത്തിനിടെയാണ് ഇത്രത്തോളം പേരുടെ ജീവിതം താളം തെറ്റിപ്പോയത്. മുൻവർഷങ്ങളിൽ നേരിട്ട തിരിച്ചടിയിൽ നിന്നും അതിജീവിക്കാൻ സാധിക്കാതെ പോയവരുടെ എണ്ണം ചേർത്താൽ ഇതിന്റെ എത്രയോ മടങ്ങാകും.

വൃത്തിഹീനമായ ക്യാമ്പുകളിൽ കഴിയുന്ന ഇവരുടെ ആരോഗ്യത്തെ കൊവിഡ് വ്യാപനം എങ്ങനെ ബാധിക്കുമെന്നാണ് പല ദരിദ്ര രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്. രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ചികിത്സാ സംവിധാനങ്ങളുടെ കുറവും ഭക്ഷണത്തിന് നേരിടുന്ന പ്രതിസന്ധിയുമാണ് പ്രശ്നം. കാര്യക്ഷമമല്ലാത്ത സർക്കാരുകളും ഇവിടെ കാഴ്ചക്കാരായി ചുരുങ്ങിയിട്ടുണ്ട്. അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സഹായം നിലച്ചതോടെ പലയിടത്തും അഭയാർത്ഥികളുടെ ജീവിതം ദുരിത പൂർണ്ണമായിട്ടുണ്ട്. അന്താരാഷ്ട്ര മാനുഷിക സഹായം നിലച്ചമട്ടാണെന്ന് ഐ.ഡി.എം.സി മേധാവി അലക്സാണ്ടർ ബിലാക് പറഞ്ഞു. സിറിയ, കോംഗോ, യമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരാണ് ദുരിതം അനുഭവിക്കുന്നതിൽ മുന്നിൽ. ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല.