dharavi

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയെ ഭീതിയിലാക്കി വീണ്ടും കൊവിഡ് വ്യാപനം. ലക്ഷക്കണക്കിന് ജനം തിങ്ങിപ്പാർക്കുന്ന മേഖലയിൽ പരിശോധനയ്ക്ക് എത്തിയ മൂന്ന് ഡോക്ടർമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്ത് 288 പേർക്കിടയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർക്ക് പോലും രക്ഷയില്ലെന്ന് വ്യക്തമാകുന്നത്.

ദക്ഷിണ - ഉത്തരേന്ത്യ വ്യത്യാസമില്ലാതെ അന്യ നാട്ടുകാർ തമ്പടിക്കുന്ന മേഖലയാണ് ധാരാവി. ഏറ്രവും ചുരുങ്ങിയ ചെലവിൽ താമസിക്കാമെന്ന സാദ്ധ്യതയുള്ളതാണ് ഇവിടത്തെ തിരക്കിന് കാരണം. ഓരോ പൊതു ശൗചാലയങ്ങളും ചുരുങ്ങിയത് ഇരുന്നൂറ് പേരെങ്കിലും ഉപയോഗിക്കുന്നതിനാൽ രോഗ വ്യാപനം എങ്ങനെ തടയാനാകുമെന്നാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. ഇതിനിടെയാണ് പുതിയ വിവരം പുറത്ത് വരുന്നത്. മുംബൈ കോർപ്പറേഷന്റെ അഭ്യർത്ഥന പ്രകാരം പരിശോധനയ്ക്ക് എത്തിയ 24 ഡോക്ടർമാർക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി ബന്ധപ്പെട്ട ആയിരങ്ങളുടെ ആരോഗ്യവും ആശങ്കയിലായിട്ടുണ്ട്.

ധാരാവിയിൽ ഇതിനകം 14 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പൊതുടാപ്പുകളിൽ നിന്ന് വീട്ടാവശ്യത്തിന് വെള്ളം ശേഖരിക്കുന്നതും രോഗവ്യാപനം കൂട്ടും. ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഭ്യർത്ഥനകൾ വകവെക്കാതെ ജനം മാർക്കറ്റുകളിൽ തിക്കി തിരക്കി എത്തുകയാണ്. നിത്യ ചെലവിന് വഴിയില്ലാത്തതാണ് നിയമം ലംഘിക്കാൻ നിർബന്ധിതരാക്കുന്നത്. മുൻസിപ്പൽ സ്‌കൂളുകൾ ക്വാറന്റീൻ കേന്ദ്രങ്ങൾ ആക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.