പിലിക്കോട്, ചെറുവത്തൂർ , വലിയ പറമ്പ, ബേഡഡുക്ക, മടിക്കൈ നൂറുശതമാനം

60 ശതമാനത്തിന് താഴെ മംഗൽപാടി മാത്രം

90 ശതമാനത്തിന് മുകളിൽ മൊഗ്രാൽപുത്തൂർ, പനത്തടി, കള്ളാർ, മുളിയാർ, കുമ്പടാജെ, വെസ്റ്റ്എളേരി, കിനാനൂർ കരിന്തളം, ദേലമ്പാടി, പടന്ന, കയ്യൂർ-ചീമേനി, തൃക്കരിപ്പൂർ, കോടോംബേളൂർ,

കാസർകോട്: കൊവിഡ് ഭീതിയും ലോക്ക് ഡൗണും ഉണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം നികുതി പിരിവിൽ നേട്ടം കൈവരിച്ച് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ. 38 ൽ 31 ഗ്രാമപഞ്ചായത്തുകളും 75 ശതമാനം കെട്ടിട നികുതിയും പിരിച്ചെടുത്തു. അതിൽ 25 പഞ്ചായത്തുകളും 85 ന്റെ കടമ്പയും കടന്നു.

പിലിക്കോട്, ചെറുവത്തൂർ , വലിയ പറമ്പ, ബേഡഡുക്ക, മടിക്കൈ എന്നിവ നൂറു ശതമാനം നികുതിയും പിരിച്ചെടുത്ത് റിക്കാർഡിട്ടു. ഇവയുൾപ്പെടെ ജില്ലയിലെ പകുതി പഞ്ചായത്തുകളും 90 ശതമാനത്തിലേറെ പിരിച്ചവയുടെ പട്ടികയിലെത്തി. കൊവിഡ് 19 നികുതി ശേഖരണത്തിന് ഏറ്റവും പ്രതിസന്ധി തീർത്ത ജില്ലയാണ് കാസർകോട്. പിരിവിന്റെ പ്രധാന ഘട്ടത്തിൽ വന്ന ലോക്ക് ഡൗൺ അതിജീവിച്ചും നേട്ടം കൊയ്യാൻ സാധിച്ചതാണ് അഭിമാനമായത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നികുതി ഒടുക്കുന്നതിനുള്ള കാലാവധി ഏപ്രിൽ 30 വരെ സർക്കാർ നീട്ടിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിലും മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഉണ്ടായിട്ടുള്ളത്.

പിന്നിൽ നിന്ന് കുതിച്ചുകയറിയത് 13 പഞ്ചായത്തുകൾ

മുൻവർഷം മുന്നിലുള്ളവ പെർഫോർമൻസ് നിലനിർത്തിയപ്പോൾ 13 ഓളം പഞ്ചായത്തുകൾ പിന്നിൽ നിന്നും കുതിച്ചു കയറി. കുടിശ്ശിക ഉൾപ്പെടെ കെട്ടിട നികുതി പിരിച്ച് 64 ൽ നിന്നു 94 ശതമാനത്തിലെത്തി ദേലമ്പാടി വഴികാട്ടിയപ്പോൾ 94 ൽ നിന്നും 100 തികച്ച ബേഡഡുക്കയും 79 ൽ നിന്ന് 89 ലെത്തിയ കോടോംബേളൂരും മുൻവർഷത്തെക്കാൾ 12 ശതമാനം കൂടുതൽ പിരിച്ച് 95ലെത്തിയ മുളിയാറും പുല്ലൂർ പെരിയയും കാറഡുക്കയും മധൂരും അജാനൂരും ചെമ്മനാടുമെല്ലാം സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവുമാദ്യം പദ്ധതി സമർപ്പിച്ച ജില്ല, ദുരന്തനിവാരണ പ്ലാൻ സമർപ്പിച്ച ഏക ജില്ല എന്നീ നേട്ടങ്ങളും കാസർകോടിന് അവകാശപ്പെട്ട നേട്ടങ്ങളാണ്

ബൈറ്റ്

പ്രതിസന്ധികൾക്കിടയിലും നികുതി പിരിവ് മുന്നേറ്റം നടത്തിയ ഭരണസമിതികളും ജീവനക്കാരും പെർഫോമൻസ് ഓഡിറ്റ് വിഭാഗങ്ങളും വലിയ ആത്മാർത്ഥതയാണ് കാണിച്ചത്. ഇവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്.

കെ.കെ.റെജികുമാർ

( കാസർകോട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ),