കണ്ണൂർ: "കൈയിലെ കാശ് തീർന്നു. നാട്ടിലേക്ക് വിളിക്കാൻ പോലും കഴിയുന്നില്ല. മണി എക്സ്ചേഞ്ച് നിലച്ചു. ഇന്ത്യൻ എംബസി കൈ മലർത്തുന്നു. മറ്റു രാജ്യങ്ങളിലെ കുട്ടികളെ അതത് എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. ഞങ്ങളുടെ കാര്യം ആരും അന്വേഷിക്കുന്നില്ല". കിഴക്കൻ യൂറോപ്പിലെ മോൾഡോവ നിക്കോളെ ടെസ്തിമിതനു മെഡിക്കൽ സർവകലാശാലയിൽ കുരുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ ദുരവസ്ഥയാണിത്.
കൊവിഡ് 19 പടർന്നു പിടിക്കുന്ന ഇവിടെ കുടുങ്ങിയ നാനൂറോളം ഇന്ത്യൻ വിദ്യാർത്ഥികളിൽ 225 പേരും മലയാളികളാണ്. ഏറിയ പേരും കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലക്കാർ. അവിടത്തെ രോഗികളെ പോലും ചികിത്സിക്കാൻ സൗകര്യമില്ലാതിരിക്കെ, പുറത്തുള്ള രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി ഇയോൺ ചിസുവിന്റെ മുന്നറിയിപ്പ്.
വിദ്യാർത്ഥികൾ ഒരു മാസമായി ഹോസ്റ്റലിൽ കഴിയുകയാണ്. ഓൺലൈനായി ഭക്ഷണം എത്തിച്ചിരുന്നു. അതിലും ഇന്നലെ ബുക്കിംഗ് കഴിഞ്ഞുവെന്നാണ് അറിയിച്ചത്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തയുടനെ ക്ളാസുകൾ ഓൺലൈനാക്കിയിരുന്നു. മറ്റു രാജ്യങ്ങൾ പ്രത്യേക വിമാനമയച്ച് കുട്ടികളെ കൊണ്ടുപോയി. ഇസ്രയേൽ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആറ് വിമാനങ്ങളാണ് അയച്ചത്. ഏജന്റുമാരെ ഭയന്ന് പരാതിപ്പെടുന്നില്ല.
മോൾഡോവ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കൽ വിദ്യാർത്ഥികളെ വലവീശിപ്പിടിക്കുന്ന വൻകിട ഏജന്റുമാർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അവരുടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് തങ്ങളുടെ കുട്ടികളുടെ ഭാവിയെ അവതാളത്തിലാക്കുമെന്ന് ഭയന്ന് പല രക്ഷിതാക്കളും പരാതിപ്പെടാറില്ല. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും രക്ഷിതാക്കൾ കത്തയച്ചു... ഇന്ത്യൻ എംബസിയിൽ അറിയിച്ചപ്പോൾ ലോക്ക്ഡൗൺ കഴിയട്ടെ എന്നായിരുന്നു മറുപടി.
മോൾഡോവ
ജനസംഖ്യ 35,00,000
കൊവിഡ് 19 സ്ഥിരീകരിച്ചവർ 2000
ഫീസ് 30 ലക്ഷം
ആറു വർഷത്തേക്കാണ് കോഴ്സ്. ഫീസ് മാത്രം 30 ലക്ഷത്തോളം രൂപ. ഹോസ്റ്റൽ, മെസ് ചെലവുകൾ പുറമെ. എല്ലാം കൂടി 40 ലക്ഷത്തിന് അടുത്ത് വരും.
മന്ത്രി കെ.കെ. ശൈലജ വിസിറ്റിംഗ് പ്രൊഫസർ
സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നൽകി ആദരിച്ച സർവകലാശാലയാണ് മോൾഡോവയിലേത്. നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മാതൃകാപ്രവർത്തനം കാഴ്ചവച്ചതിനുള്ള ആദര സൂചകമായാണിത്. സർവകലാശാലയിൽ പൊതുജനാരോഗ്യ വിഷയത്തിൽ മന്ത്രിക്ക് ആജീവനാന്തം ക്ളാസെടുക്കാം.
മോൾഡോവയിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരും. റുമാനിയയിലെ ഇന്ത്യൻ സ്ഥാനപതിയുമായി സംസാരിച്ചിരുന്നു. അവർ സുരക്ഷിതരാണെന്നും, എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി -കെ.കെ.രാഗേഷ് എം.പി