കാഞ്ഞങ്ങാട്:കൊവിഡ് പ്രതിരോധത്തിന്റെയും കൃഷിയുടേയുമടക്കമുള്ള സന്ദേശങ്ങൾ മൊട്ടൂസ് എന്ന കഥാപാത്രത്തിലൂടെ പത്തോളം എപ്പിസോഡുകളിലായി പ്രചരിപ്പിച്ച ഒന്നാംക്ളാസുകാരനെ തേടി വിദ്യാഭ്യാസമന്ത്രിയുടെ വിളിയെത്തി.മടിക്കൈ മേക്കാട്ട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിയായ ദേവരാജ് എന്ന മൊട്ടൂസ് ഇതോടെ വലിയ സന്തോഷത്തിലാണ്.

കാഞ്ഞിരപ്പൊയിൽ ഗവ: ഹൈസ്ക്കുൾ അദ്ധ്യാപകൻ മടിക്കൈ കക്കാട്ട് താമസിക്കുന്ന കെ.വി. രാജേഷിന്റെയും റീജയുടെയും രണ്ടാമത്തെ മകനാണ് ദേവരാജ്. ആറാം ക്ലാസുകാരിയായ ദേവിക രാജ് സഹോദരിയും .അണ്ണാറക്കണ്ണനും തന്നാലായതു പോലെയാണ് ദേവരാജ് കൊറോണ പ്രതിരോധ ബോധവത്ക്കരണത്തിൽ മൊട്ടൂസായി മുന്നിൽ എത്തുന്നത് . 10 എപ്പിസോഡ് പൂർത്തിയായ വേളയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെയും റവന്യു വകുപ്പു മന്ത്രിയുടെയും അഭിനന്ദനം എത്തിയത് . നന്നായി പഠിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രിയും ഇനിയും മുന്നോട്ട് പോകണമെന്ന് റവന്യുമന്ത്രിയും ഈ മിടുക്കനെ ഫോണിൽ വിളിച്ച് ആശംസിച്ചു. അദ്ധ്യാപക സംഘടനാ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ ,വൈസ് പ്രസിഡന്റ് കെ.രാഘവൻ ,ഡി. ഡി. ഇ. കെ.വി.പുഷ്പ , എ.ഇ.ഒ പി .വി. ജയരാജ് തുടങ്ങിയവരും അഭിനന്ദനം അറിയിച്ചു.

എല്ലാവരും മാസ്ക് ധരിക്കണമെന്നായിരുന്നു ഒന്നാം എപ്പിസോഡിൽ മൊട്ടൂസ് പറയുന്നത്. കൈ കഴുകൽ,സമൂഹ്യ അകലം, കൃഷിയുടെ പ്രാധാന്യം എന്നിവ പിന്നാലെ രസകരമായി അവതരിപ്പിച്ചു .അമ്മ റീജയാണ് വിഷയം തിരഞ്ഞെടുത്ത് നൽകിയത്. അച്ഛൻ രാജേഷാണ് മറ്റ് സാങ്കേതക കാര്യങ്ങളെല്ലാം നിർവഹിച്ചത്. വീടും ചുറ്റുപാടും മാത്രമാണ് ലൊക്കേഷൻ മഹാമാരിയെ തുരത്തുന്നതിൽ ചെറിയ കുട്ടിക്ക് പോലും തന്റേതായ റോൾ ചെയ്യാനുണ്ടെന്നത് ബോദ്ധ്യപ്പെടുത്തുന്നതായി ദേവരാജിന്റെ പ്രകടനം.