കൂത്തുപറമ്പ്: 58 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച കൂത്തുപറമ്പ് മേഖലയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.23 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും വൻകുറവ് ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായിരുന്നത് കൂത്തുപറമ്പ് മേഖലയിൽ നിന്നാണ് . ഇത് അധികൃതരിലും ജനങ്ങളിലും വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ ഇതുവരെ 19 കൊവിഡ് പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ പതിനാറ് കേസുകളും നെഗറ്റീവ് ആയതിനെ തുടർന്ന് രോഗികൾ ആശുപത്രി വിട്ടിരിക്കയാണ്. അതോടൊപ്പം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും ഇരുപത്തി എട്ടായി കുറഞ്ഞിട്ടുണ്ട്. ചെറുവാഞ്ചേരി ഉൾപ്പെടുന്ന പാട്യം പഞ്ചായത്തിൽ 18 പേരായിരുന്നു കോവിഡ് ബാധിതർ. ഇതിൽ ആറ് പേർ രോഗമുക്തരായതിനെ തുടർന്ന് ആശുപത്രി വിട്ടു. പന്ത്രണ്ട് പേർ മാത്രമാണ് ചെറുവാഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും നിലവിൽ ചികിത്സയിലുള്ളത്.
500ലേറെ പേർ നിരീക്ഷണത്തിലുണ്ടായിരുന്ന പാട്യം പഞ്ചായത്തിൽ 143 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കോട്ടയം പഞ്ചായത്തിലെ എട്ടു പേർ ഇതിനകം രോഗത്തിൽ നിന്നും മോചിതരായിട്ടുണ്ട്. 12 പേർക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും 98 ആയി കുറഞ്ഞു. ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ച മൊകേരി പഞ്ചായത്തിൽ നിലയിൽ നാലുപേരാണ് ചികിത്സയിലുള്ളത്. അതേസമയം ഇവിടെ 167 പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. രണ്ടുപേരുണ്ടായിരുന്ന ചിറ്റാരിപ്പറമ്പിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടായില്ലെന്നുള്ളതും ആശ്വാസത്തിന് വകയായിട്ടുണ്ട്. രോഗബാധിതരിൽ ഭൂരിപക്ഷവും ഗൾഫ് മേഖലയിൽ നിന്നെത്തിയവരാണെങ്കിലും ഏതാനും പേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചിരുന്നു.