തൃക്കരിപ്പൂർ: ഗതാഗത സൗകര്യം മുടങ്ങിയ ലോക്ക്ഡൗൺ കാലത്ത് റെയിൽവേ ട്രാക്കിലൂടെ നാട്ടിലേക്ക് തിരിച്ച പത്തോളം തമിഴ് നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് നിന്നും തമിഴ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. തൃക്കരിപ്പൂർ വെള്ളാപ്പ് റെയിൽവെ ഗേറ്റ് പരിസരത്തുവച്ചാണ് ഇവർ പൊലീസ് പിടിയിലാകുന്നത്. ലോക്ക്ഡൗണിന് പത്തുദിവസം മുമ്പ് കാഞ്ഞങ്ങാടേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കായി എത്തിയതായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള ഈ തൊഴിലാളി സംഘം. ലോക്ക് ഡൗണായതോടെ ജോലിയും കൂലിയുമില്ലാതെ ഒരു മാസത്തോളമായി ഇവർ റൂമിൽ തന്നെ കഴിയുകയായിരുന്നു.
എന്നാൽ ലോക്ക്ഡൗൺ ഇനിയും നീളുമെന്ന കാര്യം മനസ്സിലാക്കിയ ഇവർ മറ്റു മാർഗ്ഗമില്ലാതായതോടെ റെയിൽവേ പാളത്തിലൂടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ കൂട്ടമായി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിലും ആരോഗ്യവകുപ്പിലും വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ആവശ്യമായ ഭക്ഷണസൗകര്യം ഏർപ്പെടുത്തിയ ശേഷം ഇവരെ ക്വാറന്റൈനിലേക്ക് മാറ്റി.