കാഞ്ഞങ്ങാട് : വേനലിൽ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കാൻസർ രോഗബാധിതനായ നെല്ലിക്കാട്ടെ ഉമേശൻ പറമ്പിൽ കിണർ കുത്തുകയാണ്. ഭാര്യ സുമംഗലയും മക്കളായ എട്ടാംക്ളാസുകാരൻ എബിയും യു.പി സ്കൂൾ വിദ്യാർത്ഥികളായ ഗ്ളോറിയയും അനുഗ്രഹും ഉമേശനോടൊപ്പമുണ്ട്.
രോഗം തളർത്തിയ മനസ്സുമായി കഴിയുന്ന ഉമേശന്റെ മനസ്സിൽ കുടുംബത്തെ ഓർത്തുള്ള ആധിയായിരുന്നു.വേനൽ കാലമായാൽ കുടിവെള്ളത്തിന് അയൽപക്കങ്ങളിലെ വീടുകളെയാണ് ആശ്രയിക്കുകയാണ് ഈ കുടുംബം. സ്വന്തം വീട്ടുപറമ്പിൽ കുടിവെള്ളമെന്ന സ്വപ്നം സഫലീകരിക്കാനാണ് രോഗത്തെ മറന്ന് കുടുംബം കിണർ കുഴിക്കാൻ ഇറങ്ങിയത്. ദിവസവും അതിരാവിലെ തുടങ്ങി ശരീരം തളരുന്നതുവരെ ഉമേശനും കുടുംബവും ഇതിനായി അദ്ധ്വാനിക്കുകയാണ്.
അമ്പലങ്ങളിലും കാവുകളിലും ശിൽപവേല ചെയ്തിരുന്ന ഉമേശൻ ഏഴു വർഷമായി രോഗത്തിന്റെ പിടിയിലായിട്ട്.
ഉമേശന്റെ അവസ്ഥയറിഞ്ഞ് നഗരസഭ ചെയർമാൻ വി .വി. രമേശൻ, വികസന സ്ഥിരം സമിതി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഗംഗാരാധാകൃഷ്ണൻ , കൗൺസിലർ കെ. ലത എന്നിവർ ഉമേശനെ സന്ദർശിച്ചു. ലോക്ക് ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമ്മാണം പൂർത്തിയാക്കാൻ സഹായമെത്തിക്കുമെന്ന് ചെയർമാൻ വി. വി. രമേശൻ പറഞ്ഞു.
പടം വീട്ടുമുറ്റത്ത് ഉമേശനും കുടുംബവും സ്വന്തമായി കുഴിക്കുന്ന കിണർ നിർമാണം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി വി രമേശും കൗൺസിലർമാരും.