പയ്യന്നൂർ: ലോക്ക് ഡൗണിനെ തുടർന്ന് പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുവാൻ പറ്റാത്ത അവസ്ഥയിൽ അവശ്യ ഭക്ഷ്യ ധാന്യങ്ങൾ ഓരോ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കൺസ്യൂമർഫെഡ് ഭക്ഷ്യധാന്യ കിറ്റു വിതരണം ആരംഭിച്ചു. കൊവിഡ് രോഗബാധ നിയന്ത്രണ വിധേയമാക്കാൻ രാപ്പകൽ യത്നിക്കുന്ന പോലീസുകാർ, താലൂക്കാഫീസ് , ഫയർഫോഴ്സ് , താലൂക്കാശുപത്രി , മുനിസിപ്പൽ ഓഫീസ് ജീവനക്കാർ തുടങ്ങിയവർക്ക് സമീപം എത്തിയാണ് ആദ്യമായി കിറ്റ് വിതരണം ആരംഭിച്ചത്.
നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ആദ്യ കിറ്റ് സ്വീകരിച്ചു. വി.കെ.രാജേഷ്, രജീഷ് കണ്ണോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
500 രൂപ വിലവരുന്ന കിറ്റിൽ കുറുവ അരി, പഞ്ചസാര, ഉഴുന്ന് പരിപ്പ്, കടല, വൻപയർ, പുട്ട് പൊടി തുടങ്ങിയവ അടക്കം 11 ഇനം ഭക്ഷ്യ സാധനങ്ങളാണുള്ളത്.പൊതു വിപണിയെക്കാൾ കുറഞ്ഞ വിലയിലാണ് കിറ്റ് നൽകുന്നത്. ട്രിപ്പിൾ ലോക്ക് നിയന്ത്രണം നിലനിൽക്കുന്ന പയ്യന്നൂർ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കൺസ്യൂമർ ഫെഡ് ഭക്ഷ്യധാന്യ കിറ്റുകൾ വരും ദിവസങ്ങളിൽ വിതരണത്തിനെത്തും.