കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വീടുകളിലും മാസ്‌ക്ക് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ഇതിനായി ഓരോ തദ്ദേശസ്ഥാപനവും അനുയോജ്യമായ പരിപാടികൾ തയ്യാറാക്കി ആസൂത്രണ സമിതിക്ക് സമർപ്പിക്കണം.
മേയ് മൂന്നിനകം മാസ്‌ക്കുകൾ വിതരണം ചെയ്യാൻ കഴിയുന്ന വിധം ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്നും സമിതി ചെയർമാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ മഴയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ പണി നിയന്ത്രണങ്ങൾക്ക് വിധേയമായി ആരംഭിക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോടും ആവശ്യപ്പെടും.
ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലൻ, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ. ശോഭ, ഇ.പി ലത, അജിത് മാട്ടൂൽ, സുമിത്ര ഭാസ്‌ക്കരൻ, കെ.വി ഗോവിന്ദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.