തളിപ്പറമ്പ്: ഓട്ടോമാറ്റിക് സാനിറ്റേഷൻ കിറ്റുമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ നിലവിൽ പ്രചാരത്തിലുള്ള സാനിറ്റൈസറുകൾ കൈകൊണ്ട് അമർത്തിയാണ് ലോഷൻ പുറത്തെടുക്കുന്നത്. ഇത് വൈറസ് പകരാൻ ഇടയാക്കുന്നുന്നതായതിനാൽ അതിന് പകരം സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.വിമൽ റോഹൻ ഡിസൈൻ ചെയ്ത ഓട്ടോമാറ്റിക് സാനിറ്റെസർ കിറ്റ് സ്ഥാപിച്ചത്.

ആശുപത്രിയിൽ 300 ബെഡുകളാണ് ഇപ്പോൾ കൊവിഡ് രോഗികൾക്കായി നീക്കിവെച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായി 60 ഓട്ടോമാറ്റിക് കിറ്റുകളാണ് സ്ഥാപിക്കുന്നത്. മെഷീനിൽ സ്പർശിക്കാതെ കൈകൾ കാണിച്ചു കഴിഞ്ഞാൽ ലോഷൻ സെൻസറുകൾ വഴി കൈയിലേക്ക് വീഴുകയാണ് ചെയ്യുന്നത്. അതു കൊണ്ടു തന്നെ സ്പർശനത്തിലൂടെ വൈറസ് പകരുന്നത് പൂർണമായി ഒഴിവാക്കാൻ കഴിയും. പ്രത്യേകിച്ചും പി .പി .ഇ കിറ്റ് ധരിച്ച ശേഷം അത് അഴിച്ചുമാറ്റുന്നതിനിടയിൽ മറ്റൊരാൾ സാനിറ്റെസർ കൈകളിലേക്ക് ഒഴിച്ചു കൊടുക്കുന്നത്. ഓട്ടോമാറ്റിക് കിറ്റ് സ്ഥാപിക്കുന്നതോടെ ഇത് ഒഴിവാകും.

ചിലവ് 650 രൂപ

650 രൂപ ചിലവിൽ ഇത് നിർമ്മിക്കാനാവും .മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി ഉപയോഗിക്കുന്ന ഈ കിറ്റ് റീചാർജ് ചെയ്യാൻ കഴിയും. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ സ്ഥാപിച്ച സാനിറ്റൈസർ കിറ്റ് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു.ഡോ.വിമൽ റോഹൻ ചടങ്ങിൽ സംബന്ധിച്ചു.നേരത്തെ ചുരുങ്ങിയ ചെലവിൽ മുഖ കവചം നിർമിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പടം :

സാനിറ്റൈസർ കിറ്റ് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്യുന്നു.