കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കാമ്പയിനുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 'സേഫ് കണ്ണൂർ" എന്ന പേരിൽ മാസ്‌ക്കുകൾ പുറത്തിറക്കുന്നു. പുനരുപയോഗത്തിന് പറ്റുന്ന മാസ്‌ക്കുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ വഴി തയ്യാറാക്കുക.
സേഫ് കണ്ണൂർ മാസ്‌ക്കിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന് നൽകി മേയർ സുമ ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ കളക്ടർ ടി.വി സുഭാഷ്, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, എ.ഡി.എം ഇ.പി മേഴ്‌സി, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.